താപനില 42 ഡിഗ്രി : ഹോ ! അസഹനീയം ചൂട്

Friday 14 April 2023 12:06 AM IST

തൃശൂർ: വേനൽമഴയിലെ കുറവിന് പിന്നാലെ, ഉത്തരേന്ത്യയിലെ ഉഷ്ണതരംഗസമാന സാഹചര്യമെന്ന ആശങ്ക ഉയർത്തി ജില്ലയിലെ താപനില 42 ഡിഗ്രിയിൽ. 1987ന് ശേഷം ആദ്യമായാണ് ഏപ്രിലിൽ 40 ഡിഗ്രി കടക്കുന്നത്. 2019 മാർച്ചിലാണ് ഇതിന് മുൻപ് 40 ഡിഗ്രി കടന്നത്.

തൃശൂർ അടക്കമുള്ള ജില്ലകളിൽ വരുംദിനങ്ങളിൽ അഞ്ച് ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്ന മുന്നറിയിപ്പ് കൂടി പുറത്തുവന്നതോടെ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ ലഭിച്ചേക്കുമെങ്കിലും ചൂട് കുറയാൻ സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിലയിരുത്തൽ.

തീരപ്രദേശങ്ങളെയും മലയോര മേഖലകളെയും അപേക്ഷിച്ച് തൃശൂർ ഉൾപ്പെടുന്ന മദ്ധ്യകേരളത്തിൽ പൊതുവേ ചൂട് കൂടും. പാലക്കാട് അടക്കം ചിലയിടങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും ഉയർന്നതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

സൂര്യാഘാത സാദ്ധ്യത കൂടുന്നു

ഏഴ് ജില്ലകളിൽ കഴിഞ്ഞ മാസം തുടക്കത്തിൽ സൂര്യാഘാത സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു. ചിലയിടങ്ങളിൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തു. കുഴഞ്ഞുവീഴുന്നതും പതിവായി. പകൽസമയം പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പരീക്ഷാ കാലം, കരുതൽ വേണം

കോളേജുകളിൽ പരീക്ഷാ കാലമായതിനാൽ ഹാളുകളിൽ ജലലഭ്യത ഉറപ്പാക്കണം.

ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം.

(ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം)

ഇന്നലത്തെ താപനില

വെള്ളാനിക്കര: 42.9 പീച്ചി: 42.4 മലമ്പുഴ: 42.1 പട്ടാമ്പി: 41 വണ്ണമട: 41 പോത്തുണ്ടി ഡാം: 40.7 മംഗലം ഡാം: 40.7 ഒറ്റപ്പാലം: 40.2 മണ്ണാർക്കാട്: 40

കാർഷിക സർവകലാശാലാ

മാപിനിയിലെ റെക്കാഡുകൾ

2019 മാർച്ച് : 40.4 ഡിഗ്രി 2014 മാർച്ച് : 40.0 1996 മാർച്ച് : 40.4 1987 ഏപ്രിൽ: 40