പടിവാതിൽക്കൽ വിഷു; നഗരത്തിൽ തിരക്കോടു തിരക്ക്
കണ്ണൂർ:വിഷുക്കണിയും സദ്യയുമൊരുക്കാനും പുത്തൻ വസ്ത്രങ്ങൾ വാങ്ങുന്നതിനുമെല്ലാമുള്ള തിരക്കിലാണ് നാടും നഗരവും.കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ നഗരം നിറയെ ആളുകളെത്തി തുടങ്ങി.വിവിധ മേളകളിലും തുണിക്കടകളിലും പച്ചക്കറി മാർക്കറ്റുകളിലും വഴിയോരങ്ങളിലുമെല്ലാം ആളുകളുടെ ബഹളമാണ്.വേനൽ അവധി ആയതുകൊണ്ട് തന്നെ കുടുംബസമേതമാണ് ആളുകൾ നഗരത്തിലെത്തുന്നത്.
സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി നടക്കുന്ന പൊലീസ് മൈതാനി,വ്യവസായ വകുപ്പിന്റെ ഭക്ഷ്യമേളയും കൈത്തറി പ്രദർശനവും നടക്കുന്ന ടൗൺസ്ക്വയർ എന്നിവിടങ്ങളിലെല്ലാം വൻതിരക്കാണ്.വിഷുത്തിരക്ക് പ്രമാണിച്ച് വസ്ത്രാലയങ്ങളും മറ്റും മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളുമായാണ് ഒരുങ്ങിനിൽക്കുന്നത്.
തമിഴ്നാട്,കോഴിക്കോട് നിന്നെല്ലാം മൺചട്ടി വ്യാപാരികൾ നേരത്തെ തന്നെ സ്റ്രേഡിയം പരിസരത്ത് ഇടം പിടിച്ചിരുന്നു.നിലവിൽ വസ്ത്രങ്ങളും പഴങ്ങളും മറ്റ് കരകൗശല ഉത്പ്പന്നങ്ങളുമെല്ലാമായി ഇതര സംസ്ഥാന വ്യാപാരികൾ ഉൾപ്പെടെ സ്റ്റേഡിയം പരിസരത്തെത്തിയിട്ടുണ്ട്.
അതിനിടെ കൊവിഡ് സാധ്യത കൂടി മുന്നിൽ കണ്ട് ആളുകൾ വേണ്ട മുൻ കരുതലുകളെടുക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സാമൂഹിക അകലവും മാസ്കും സുരക്ഷിതത്വം വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉപദേശം. തിരക്ക് കൂടിയതോടെ നഗരത്തിൽ പലയിടത്തും ഗതാഗതകുരുക്കും രൂക്ഷമാണ്.
തൊട്ടാൽ പൊള്ളും പച്ചക്കറികൾ
വിഷുവിന് സദ്യയൊരുക്കണമെങ്കിൽ കീശ കാലിയാകുമെന്നതാണ് അവസ്ഥ.പച്ചക്കറികൾക്കെല്ലാം തൊട്ടാൽ പൊള്ളുന്ന വിലയാണ്. വേനൽ ചൂടും ഉത്പ്പാദനക്കുറവുമാണ് വില വർദ്ധനവിന് കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു.വിഷുവിൽ ഒഴിവാക്കാനാകാത്ത കണിവെള്ളരിക്ക് പതിനഞ്ചിൽ നിന്ന് 25 രൂപ വരെയെത്തി. അറുപതു രൂപയുണ്ടായിരുന്ന പയറിന് 80 മുതൽ 85 രൂപ വരെയായി. വലിയുള്ളിക്ക് കിലോയ്ക്ക് 15 രൂപയാണ് .വെളുത്തുള്ളിക്ക് കിലോയ്ക്ക് 40 രൂപയുടെ വർധനവാണുണ്ടായത്. ചെറിയുള്ളിക്ക് അഞ്ചു രൂപയുടെ വർദ്ധനവാണുള്ളത്. വെണ്ട, പച്ചമുളക്, കാരറ്റ്, കാബേജ് എന്നിവയുടെ വിലയിൽ രണ്ടാഴ്ചയായി വലിയ മാറ്റമുണ്ടായിട്ടില്ല. തക്കാളിക്ക് രണ്ടാഴ്ച മുമ്പുള്ള വിലയിൽ നിന്നു മൂന്നുരൂപയോളം കുറഞ്ഞു.കർണാടക, തമിഴ്നാട്, ബംഗളൂരൂ എന്നിവിടങ്ങളിൽ നിന്നുമാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. ഉൽപ്പാദനം കുറഞ്ഞതോടെ ഇക്കുറി ഇറക്കുമതി കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാർ പറഞ്ഞു.
പച്ചക്കറി വിപണിവില ഇന്നലെ
ബീൻസ് 85
പടവലം 35
പയർ 85
വെളുത്തുളളി 120
ചെറുയുള്ളി 60
വെണ്ട 50
വെള്ളരി 25
തക്കാളി 15
പച്ചമുളക് 60
മുരിങ്ങ 50
കാരറ്റ് 30