ആലപ്പുഴ ശ്രീകുമാറിന്റെ ഓർമ്മകളുമായി 'ശ്രീരാഗസന്ധ്യ'
തിരുവനന്തപുരം: സംഗീതജ്ഞൻ ആലപ്പുഴ ശ്രീകുമാറിന്റെ ഓർമ്മകളുമായി സംഗീതലോകം ഒത്തുചേർന്നു. സംഗീത രംഗത്തെ സുഹൃത്തുക്കളും ബന്ധുക്കളും നൂറുകണക്കിന് ശിഷ്യരും ചേർന്ന് കർണാടക സംഗീതത്തിലെ ഗുരുവിന് നൽകിയത് ഉജ്ജ്വലമായ സ്‌മരണാഞ്ജലി. ആലപ്പുഴ ശ്രീകുമാറിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച 'ശ്രീരാഗസന്ധ്യ'എന്ന പരിപാടിയാണ് പ്രിയ സംഗീതകാരന്റെ ഓർമ്മകൾ കൊണ്ട് സമ്പന്നമായത്.
ആലപ്പുഴ ശ്രീകുമാർ ഫൗണ്ടേഷനും ഭാരത് ഭവനും ഐ ആൻഡ് പി.ആർ.ഡിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ശ്രീകുമാറിന്റെ സ്‌മരണാർത്ഥം നൽകുന്ന ഒന്നാമത് പുരസ്‌കാരം കർണാടക സംഗീതത്തിലെ സഹോദരിമാരായ രഞ്ജിനിക്കും ഗായത്രിക്കും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമ്മാനിച്ചു. വി.എസ് ശിവകുമാർ എം.എൽ.എ മുഖ്യ അനുസ്‌മരണം നടത്തി. ആലപ്പുഴ ശ്രീകുമാറിന്റെ ഭാര്യ എം. കമലാ ലക്ഷ്മി ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു.
പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഡോ.കെ. ഓമനക്കുട്ടി, പ്രമോദ് പയ്യന്നൂർ, പത്മജാ രാധാകൃഷ്ണൻ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. എസ്. അനിൽകുമാർ സ്വാഗതവും ധന്യ സുജിത്ത് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ശ്രീകുമാറിന്റെ സംഗീത ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ശ്രീരാഗ'ത്തിന്റെ പ്രദർശനം നടന്നു. രഞ്ജിനിയും ഗായത്രിയും ചേർന്ന് അവതരിപ്പിച്ച കർണാടക സംഗീതകച്ചേരി സദസ്യർക്ക് സംഗീത വിരുന്നായി മാറി. വയലിനിൽ ഇടപ്പള്ളി അജിത്തും മൃദംഗത്തിൽ എൻ. മനോജ് ശിവ ചെന്നൈയും ഘടത്തിൽ വാഴപ്പള്ളി ശ്രീകുമാറും അണിചേർന്നു.