അതിഖ് അഹമ്മദിനെയും സഹോദരനെയും കൊന്നവരിൽ ഒരാൾ ബജ്‌രംഗ്‌ദള്‍ നേതാവ്, യാഥാർത്ഥ്യമായത് 19 വർഷം മുമ്പുനടത്തിയ പ്രവചനം, കൊലപാതകങ്ങൾ പ്രശസ്തിക്കുവേണ്ടി
ലക്നൗ: ഉത്തർപ്രദേശിൽ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നകേസിൽ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി ബജ്‌രംഗ്‌ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ടുചെയ്തത്. കൊലപാതകങ്ങൾക്കുശേഷം അക്രമിസംഘത്തിൽ ഉള്ളവർ ജയ് ശ്രീറാം വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലവ്‌ലേഷ് തിവാരി തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയെന്നുമാണ് പിതാവ് യാഗ്യ തിവാരി പറയുന്നത്. കുടംബത്തോട് ഒരു ബന്ധവും ഇല്ലെന്നും വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തുന്നതെന്നും യാഗ്യ പറഞ്ഞു
അറസ്റ്റിലായ സണ്ണി ഹമീര്‍പുര്‍ ജില്ലയിൽ പെൺകുട്ടികളെ ശല്യം ചെയ്തതുൾപ്പടെ 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമല്ല. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ട വ്യക്തിയാണ് പിടിയിലായ മൂന്നാമന്‍ അരുണ്‍ മൗരവ്യ. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമല്ല.
അക്രമികൾ പിടിയിലായെങ്കിലും എന്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രശസ്തരാവാൻ വേണ്ടിയാണ് ഇരുവരെയും വധിച്ചതെന്നാണ് അക്രമികൾ പറയുന്നത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ചോദ്യംചെയ്യുന്നത് തുടരുകയാണ്.
അതേസമയം, പൊലീസോ,ഗുണ്ടകളോ തന്നെ വെടിവച്ചുകൊല്ലുമെന്ന് 19 വർഷം മുമ്പ് അതിഖ് അഹമ്മദ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നു. 2004-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയാണ് മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. കൊടുംക്രിമിനലും ഗുണ്ടാനേതാവുമായി അറിയപ്പെടുമ്പോഴും മാദ്ധ്യമപ്രർത്തകരെ കാണാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അതിഖ് അഹമ്മദിന് ഒരു മടിയുമുണ്ടായിരുന്നില്ല.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയാണ് വർഷങ്ങൾക്ക് മുമ്പുള്ള പ്രവചനം യാഥാർത്ഥ്യമാക്കി മാദ്ധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയ അക്രമികൾ അതിഖിന്റെ ജീവനെടുത്തതും.
കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ യു പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രയാഗ്‌രാജിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. കാൺപൂരിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. അതിഖിനൊപ്പമുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തിന്റ മറവില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കങ്ങള്‍ തടയണമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്രം യുപി സര്‍ക്കാരിനെ അറിയിച്ചു
പ്രയാഗ്‌രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇവർക്ക് നേരെ തൊട്ടടുത്തുനിന്ന് വെടിവയ്പുണ്ടായത്.
നൂറോളം ക്രിമിനൽ കേസുകളിൽ അതിഖ് പ്രതിയാണ്. 2005ൽ അന്നത്തെ ബി എസ് പി എം.എൽ.എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ്‌രാജിലെ ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്.