മദ്യനയക്കേസിൽ ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; തെളിവിന്റെ തരിമ്പ് പോലും സിബിഐയുടെ പക്കലില്ലെന്ന് കേജ്‌രിവാൾ

Sunday 16 April 2023 10:19 PM IST

ന്യൂ‌‌ഡൽഹി മദ്യനയക്കേസിൽ ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സിബിഐ ആസ്ഥാനത്ത് നിന്ന് മടങ്ങി. തന്നോട് ചോദിച്ച 56 ചോദ്യങ്ങൾക്കും മറുപടി നൽകിയതായി ആംആദ്മി നേതാവ് അറിയിച്ചു. കേസ് വ്യാജമാണെന്നും നേതാക്കൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള തെളിവ് സിബിഐയുടെ പക്കലുണ്ടെന്ന് കരുതുന്നില്ല എന്നും അദ്ദേഹം ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോടായി പറഞ്ഞു.

സിബിഐയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. വിവാദമായ മദ്യനയം നിലവിൽ വന്ന 2020 മുതലുള്ള സംഭവങ്ങളെ ആസ്പദമാക്കി 56 ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. കേസ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ്, അടിസ്ഥാനരഹിതമാണ് അദ്ദേഹം തുടർന്നു. സത്യസന്ധതയാണ് പാർട്ടിയുടെ മുഖമുദ്ര. ആംആദ്മി ഇപ്പോൾ ദേശീയ പാർട്ടിയാണ്. അതിനാലാണ് ഞങ്ങളെ അവസാനിപ്പിക്കാനുള്ള നീക്കമുണ്ടാകുന്നതെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

അതേസമയം അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് സിബിഐ ആസ്ഥാനത്തിന് മുന്നിൽ തടിച്ച് കൂടിയ ആംആദ്മി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം രാജ് ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമായിരുന്നു കേജ്‌രിവാൾ ചോദ്യം ചെയ്യലിനായി സിബിഐ ആസ്ഥാനത്ത് എത്തിയത്. ഭഗവന്ത് മാൻ സിബിഐ ആസ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമായിരുന്നു ഡൽഹി മന്ത്രിസഭയിലെ മന്ത്രിമാരെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റിയത്.