ബിജെപി വിട്ട ജഗദീഷ് ഷെട്ടാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്; തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിക്കുമെന്ന് സൂചന
ബംഗളൂരു: സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപി വിട്ട കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഇന്ന് കോൺഗ്രസിൽ ചേരുമെന്ന് സൂചന. കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അൽപസമയത്തിനകം അദ്ദേഹത്തിന് വാർത്താ സമ്മേളനത്തിൽ അംഗത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. മുതിർന്ന പാർട്ടി നേതാവും ലിംഗായത്ത് വിഭാഗത്തിൽ നിർണായക സ്വാധീനവുമുള്ള ലക്ഷ്‌മൺ സാവഡി സീറ്റ് ലഭിക്കാതെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ഷെട്ടാറും പാർട്ടിവിട്ടത്.
ഹൂബ്ളി ധാർവാഡ് മണ്ഡലത്തിലെ സാമാജികനായിരുന്നു ജഗദീഷ് ഷെട്ടാർ. നിലവിൽ ഇതേ മണ്ഡലത്തിലെ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇദ്ദേഹം മാറുമെന്നാണ് സൂചനകൾ. കഴിഞ്ഞദിവസം നിയമസഭാംഗത്വവും പാർട്ടി സ്ഥാനവും രാജിവച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് എസ്.എസ് മല്ലികാർജ്ജുന്റെ വീട്ടീൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ, രൺദീപ് സുർജെവാല,സിദ്ധരാമയ്യ എന്നിവരും മറ്റ് മുതിർന്ന നേതാക്കളും ഷെട്ടാറുമായി സുദീർഘമായി ചർച്ച നടത്തി. രാഹുൽ ഗാന്ധിയുമായും ഫോണിലൂടെ അദ്ദേഹം സംസാരിച്ചെന്നാണ് സൂചന.
നിയമസഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റോ, ഗവർണർ പദവിയോ നൽകാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഷെട്ടാറിനെ അറിയിച്ചെങ്കിലും അതിന് തയ്യാറാകാതെയാണ് അദ്ദേഹം പാർട്ടി അംഗത്വം ഉപേക്ഷിച്ചത്. തർക്കങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന കർണാടക ബിജെപിയ്‌ക്ക് വലിയ തലവേദനയായിരിക്കുകയാണ് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.