പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു; ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു, പാർട്ടി ടിക്കറ്റിൽ മത്സരിക്കും

Monday 17 April 2023 9:46 AM IST

ബംഗളൂരു: തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. ഇന്ന് രാവിലെ അദ്ദേഹം കർണാടകയിലെ കോൺഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഒമ്പത് മണിക്ക് ബംഗളൂരു കെപിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഷെട്ടാറുടെ പാർട്ടി പ്രവേശം അറിയിച്ചത്. ഹൂബ്ലി - ധർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഷെട്ടാർ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന പാർട്ടി നേതാവും ലിംഗായത്ത് വിഭാഗത്തിൽ നിർണായക സ്വാധീനവുമുള്ള ലക്ഷ്‌മൺ സാവഡി സീറ്റ് ലഭിക്കാതെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ഷെട്ടാറും പാർട്ടിവിട്ടത്. കഴിഞ്ഞ ദിവസം നിയമസഭാംഗത്വവും പാർട്ടി സ്ഥാനവും രാജിവച്ചതിന് പിന്നാലെ മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടീൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ,​ രൺദീപ് സുർജെവാല,​സിദ്ധരാമയ്യ എന്നിവരും മറ്റ് മുതിർന്ന നേതാക്കളും ഷെട്ടാറുമായി സുദീർഘമായി ചർച്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും ഫോണിലൂടെ അദ്ദേഹം സംസാരിച്ചതായി സൂചനയുണ്ടായിരുന്നു.

നിയമസഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റോ,​ ഗവർണർ പദവിയോ നൽകാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഷെട്ടാറിനെ അറിയിച്ചെങ്കിലും അതിന് തയ്യാറാകാതെയാണ് അദ്ദേഹം പാർട്ടി അംഗത്വം ഉപേക്ഷിച്ചത്. തർക്കങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന കർണാടക ബിജെപിയ്‌ക്ക് വലിയ തലവേദനയായിരിക്കുകയാണ് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.