പതിനേഴാം വയസിൽ 500 രൂപ ശമ്പളത്തിന് ക്ളർക്കായി തുടങ്ങിയ രാജീവ് മൂന്ന് പതിറ്റാണ്ടിനുള്ളിൽ തിരുവനന്തപുരത്തെ പൊന്നും വിലമതിക്കുന്ന വസ്തുക്കളുടെ ഉടമ, ബിഎസ്എൻഎൽ ജീവനക്കാരന്റെ സ്വത്ത് കണ്ട് അമ്പരന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: ബി.എസ്.എൻ.എൽ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളുടെ സമ്പത്ത് വളർച്ചയും വഴിവിട്ട ഇടപാടുകളും അമ്പരപ്പിക്കുന്നതാണെന്ന് ക്രൈംബ്രാഞ്ച് സംഘം. മുഖ്യപ്രതി എ.ആർ.ഗോപിനാഥും വിശ്വസ്തനും ബി.എസ്.എൻ.എൽ സഹകരണ സംഘത്തിലെ ക്ലാർക്കുമായ എ.ആർ.രാജീവും തമ്മിലുള്ള ബിസിനസുകൾ സിനിമ കഥകളെ വെല്ലുന്നതാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.
പതിനേഴാം വയസിൽ 500 രൂപ മാസ ശമ്പളത്തിൽ പ്യൂണായി, മൂന്നുപതിറ്റാണ്ടുകൾക്ക് ശേഷം ക്ളാർക്കായ എ.ആർ.രാജീവിന് നഗരത്തിലും പുറത്തുമായി കോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സഹകരണ സംഘം രൂപീകരിച്ച കാലം മുതൽ 2017 വരെ പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായിരുന്ന കേസിലെ മുഖ്യപ്രതി എ.ആർ.ഗോപിനാഥന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന രാജീവിന് പിന്നീട് ക്ളാർക്കായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. പ്രതിമാസം 20,000 രൂപ ശമ്പളം ലഭിച്ചിരുന്ന രാജീവ് കഴിഞ്ഞ 33 വർഷത്തിനിടയിൽ കോടികളുടെ ബിസിനസ് ഉടമയായതെങ്ങനെയെന്നതിന്റെ ഉത്തരം തട്ടിപ്പിന്റെ ചുരുളഴിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടൽ. രാജീവിന്റെയും കൂട്ടാളി ഹരിയുടെയും പേരിലുള്ള ബിനാമി സ്ഥാപനങ്ങളെപ്പറ്റിയുള്ള സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ശ്രീകണ്ഠേശ്വരം ട്രേഡ് ലിങ്ക്സ്, ആർ.എൻ.എച്ച് (രാജീവ്, നാരായണൻ, ഹരി) എന്നീ പേരുകളിലാണ് ഈ സ്ഥാപനങ്ങൾ. ആർ.എൻ.എച്ച് ഇടക്കാലത്ത് ആർ.എച്ച് എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ആഡംബര കാറുകൾ വാങ്ങി വാടകയ്ക്ക് നൽകിയിട്ടുള്ള ഇവർ നഗരത്തിൽ കണ്ണായ സ്ഥലങ്ങളിലെല്ലാം ഫ്ളാറ്റുകളും വസ്തുക്കളും വൻതോതിൽ സമ്പാദിച്ചിട്ടുണ്ട്. ഇവർ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തും.
1987ൽ ഡിപ്പാർട്ട്മെന്റ് ഒഫ് ടെലി കമ്മ്യൂണിക്കേഷന്റെ അനുമതിയോടെ തുടങ്ങിയ ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിൽ സബ് ഡിവിഷണൽ എൻജിനിയറായിരുന്ന ഗോപിനാഥൻ 2017 വരെ സെക്രട്ടറിയായിരുന്നു. രാജീവിനെ ഗോപിനാഥന്റെ വിശ്വസ്തനെന്ന നിലയിലായിരുന്നു സംഘത്തിലെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും സഹകാരികളും കണ്ടിരുന്നത്.
സൊസൈറ്റിയിലെ സ്ഥിര നിക്ഷേപങ്ങൾ വ്യാജരേഖകളിലൂടെ വെട്ടിക്കാനും ഓഡിറ്റിംഗിൽ പ്രതിവർഷം 20 കോടിയുടെ സ്ഥിരനിക്ഷേപ രേഖകൾ ഹാജരാക്കി സഹകരണ വകുപ്പിനെ കബളിപ്പിക്കാനും കൂട്ടുനിന്നത് രാജീവാണ്. സംഘത്തിലെ പണമിടപാടുകളും മറ്റ് നിക്ഷേപവിവരങ്ങളും മനഃപാഠമായിരുന്ന രാജീവിന് പ്രതിഫലമായി കോടികളാണ് നൽകിയത്. ഈ പണമാണ് നഗരത്തിലെ ബിസിനസ് സ്ഥാപനങ്ങൾക്കും വാഹനക്കച്ചവടത്തിനും റിയൽ എസ്റ്റേറ്റ് ബിസിനസിലും മൂലധനമായതെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലും വൻതോതിൽ നിക്ഷേപങ്ങളുള്ളതായാണ് വിവരം. രാജീവിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് നിക്ഷേപകരായ ധാരാളം പേരും ആക്ഷൻ കൗൺസിൽ പ്രവർത്തകരും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. തട്ടിപ്പിൽ രാജീവിന്റെ പങ്കിനെപ്പറ്റി തങ്ങൾക്കൊന്നും അറിയില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. വരും ദിവസങ്ങളിൽ രാജീവിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.