തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടുന്നു,​ ഭട്ടിൻഡയിൽ നാല് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നിൽ ലൈംഗിക പീഡനമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

Monday 17 April 2023 8:45 PM IST

ന്യൂഡൽഹി: പ‌ഞ്ചാബിലെ ഭട്ടിൻഡ സൈനിക വിമാനത്താവളത്തിൽ നാല് സൈനികരെ സഹ സൈനികൻ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ലൈംഗിക പീഡനമെന്ന് റിപ്പോർട്ട്. ഈ മാസം 12ന് നടന്ന സംഭവത്തിൽ അറസ്റ്റിലായ മോഹൻദേശായി എന്ന സൈനികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊല്ലപ്പെട്ട സൈനികർ തുടർച്ചയായി ലൈംഗികബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടുന്നതിൽ മനംനൊന്താണ് കൊലപാതകത്തിന് മുതിർന്നതെന്ന് ചോദ്യം ചെയ്യലിനൊടുവിൽ മോഹൻ ദേശായി സമ്മതിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പീരങ്കി യൂണിറ്റിലാണ് മോഹൻ ദേശായ് പ്രവർത്തിച്ചിരുന്നത്. ഇൻസാസ് റൈഫിൾ മോഷ്ടിച്ച് നാലുപേരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദേശായി പറഞ്ഞു.

ഏപ്രിൽ 9നാണ് ആയുധം മോഷ്ടിച്ചത്. ഏപ്രിൽ 12ന് പുലർച്ചെ 4.30ഓടെ കാവൽ ജോലിക്കിടെ മുകളിലെ നിലയിലേക്ക് പോയി ഉറങ്ങിക്കിടന്ന നാലുപേരെയും വെടിവച്ച് കൊലപ്പെടുത്തിയെന്ന് ചോദ്യംചെയ്യലിൽ ദേശായ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു,​സാഗർ ബാനെ (25)​,​ ആർ. കമലേഷ് (24)​,​ ജെ. യോഗേഷ് കുമാർ (24)​,​ സന്തോഷ് എം. അഗർവാൾ (25)​ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിന് ശേഷം പ്രതി റൈഫിളും ബുള്ളറ്റുകളും സൈനിക കേന്ദ്രത്തിലെ മലിനജലക്കുഴിയിൽ നിക്ഷേപിച്ചതായും പൊലീസ് പറഞ്ഞു. ഇത് പൊലീസ് കണ്ടെടുത്തിരുന്നു.

ആന്ധ്ര സ്വദേശിയായ ദേശായി നേരത്തെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു,​ കുർത്തയും പൈജാമയും ഇട്ട് മുഖംമൂടി ധരിച്ച രണ്ടുപേർ സൈനികർക്ക് നേരെ വെടിയുതിർക്കുന്നത് കണ്ടതായി ദേശായി നേരത്തെ മൊഴി നൽകിയിരപുന്നു. സംഭവം ഭീകരാക്രമണം അല്ലെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.