അവിടെ ഇപ്പോഴും അടുക്കള ഭാഗത്തിരുത്തിയാണ് സ്‌ത്രീകൾക്ക്‌ ഭക്ഷണം നൽകുന്നത്,​ ഭർത്താക്കന്മാർ മരണം വരെ പുതിയാപ്ലയാണ്; തന്റെ നാട്ടിലെ മുസ്ലീം വിവാഹത്തെക്കുറിച്ച് നിഖില വിമൽ

Tuesday 18 April 2023 1:02 PM IST

പല വിഷയങ്ങളിലുമുള്ള തന്റെ നിലപാടുകൾ തുറന്നുപറയുന്ന നടിമാരിലൊരാളാണ് നിഖില വിമൽ. തന്റെ നാട്ടിലെ മുസ്ലീം വിവാഹത്തെക്കുറിച്ച് കണ്ണൂർക്കാരിയായ നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തിയാണ് ഇപ്പോഴും ഭക്ഷണം കൊടുക്കുന്നതെന്നും അവിടത്തെ ഭർത്താക്കന്മാർ മരണംവരെ പുതിയാപ്ലയാണെന്നും നിഖില പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ' തലേന്നത്തെ ചോറും മീൻകറിയുമൊക്കെയാണ് വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ഓർമ വരിക. കോളേജിൽ പഠിക്കുന്ന സമയത്താണ് മുസ്ലീം കല്യാണങ്ങൾക്ക് പോയിത്തുടങ്ങിയത്. അവിടെ സ്ത്രീകളൊക്കെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. അതിനിപ്പോഴും വല്യ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ആണുങ്ങൾക്കൊക്കെ മുൻഭാഗത്താണ് ഭക്ഷണം. കല്യാണം കഴിഞ്ഞാൽ ആണുങ്ങൾ പെൺവീട്ടിലാണ് താമിക്കുക. അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുംവരെ അവർ പുതിയാപ്ല ആയിരിക്കും.'- നിഖില പറഞ്ഞു.