അതീഖ് അഹമ്മദിന്റെ  അഭിഭാഷകന്റെ വീടിന്  സമീപം സ്‌ഫോടനം;  ഗൂഢാലോചനയുണ്ടെന്ന് ദയാശങ്കർ  മിശ്ര 

Tuesday 18 April 2023 6:59 PM IST

ലക്‌നൗ: മുൻ എം.പിയും ക്രിമിനൽ കേസ് പ്രതിയുമായ കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ അഭിഭാഷകന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. അഭിഭാഷകനായ ദയാശങ്കർ മിശ്രയുടെ പ്രയാഗ്‌രാജിലെ വീടിന് സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

മൂന്ന് ബോംബുകളാണ് തന്റെ വീടിന് സമീപം പൊട്ടിയതെന്ന് ദയാശങ്കർ മിശ്ര അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തന്നെ ഭയപ്പെടുത്താനാണ് ശ്രമമെന്നും ദയാശങ്കർ മിശ്ര പറഞ്ഞു.

അതേസമയം അതീഖിന്റെ കൊലപാതകത്തെക്കുറിച്ച് ജുഡിഷ്യൽ കമ്മിഷൻ അന്വേഷണം നടത്തും. മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി, റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ സുബേഷ് കുമാർ, മുൻ ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരാണ് കമ്മിഷനിൽ ഉള്ളത്. രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണം.

കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യു പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രയാഗ്‌‌രാജിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. കാൺപൂരിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. അതിഖിനൊപ്പമുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യു.പി സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിന്റ മറവിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനുള്ള നീക്കങ്ങൾ തടയണമെന്നും ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്രം യുപി സർക്കാരിനെ അറിയിച്ചു.

കഴിഞ്ഞ 15നാണ് പ്രയാഗ്‌രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അതിഖ് അഹമ്മദും സഹോദരൻ അഷ്രഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇവർക്ക് നേരെ തൊട്ടടുത്തുനിന്ന് വെടിവയ്പുണ്ടായത്.നൂറോളം ക്രിമിനൽ കേസുകളിൽ അതിഖ് പ്രതിയാണ്. 2005ൽ അന്നത്തെ ബി എസ് പി എം.എൽ.എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്.