വ്യാജ വാറ്റ് അറിയിച്ചതിന് ആക്രമണം: പൊലീസ് നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ
തൃശൂർ: വ്യാജവാറ്റ് നടക്കുന്ന വിവരം പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ ചിലർ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും വീടാക്രമിക്കുകയും ചെയ്യുന്നതായി അകതിയൂർ സ്വദേശി കുന്നംകുളം പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
ഇതേ വിഷയത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലുള്ള കേസിന്റെ ഫൈനൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവിലുണ്ട്. ഇതു സംബന്ധിച്ച് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ആവശ്യമായ നിർദ്ദേശം ജില്ലാ പൊലീസ് മേധാവി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കുന്നംകുളം അകതിയൂർ കുട്ടിക്കുളങ്ങര വീട്ടിൽ ഉണ്ണി സമർപ്പിച്ച പരാതിയിലാണ് നടപടി. 1992ൽ ചൊവ്വന്നൂർ മഞ്ചേരിയിൽ താമസിക്കുമ്പോഴാണ് ഭീഷണി തുടങ്ങിയത്. പരാതിയിലെ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു. തുടർന്ന് കമ്മിഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചതിൽ പരാതിക്കാരന്റെ വീട് 2009 ൽ ആക്രമിക്കപ്പെട്ടതായി തെളിഞ്ഞു.
എന്നാൽ കേസ് റഫർ ചെയ്തു. ഇതിനെതിരെ പരാതിക്കാരൻ കുന്നംകുളം കോടതിയിൽ പരാതി നൽകി. ഇതിന്റെ ഫൈനൽ റിപ്പോർട്ട് നൽകാൻ കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. 2020 ജനുവരി നാലിന് കുന്നംകുളം എസ്.ഐ കോടതിയിൽ ഹാജരായി ഈ ഫയൽ കാണാനില്ലെന്ന് അറിയിച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
2020 ജൂൺ 18നും പരാതിക്കാരന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ഇതിനെതിരെ പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷൻ ഇടപെട്ടത്.