ഓടപ്പഴം കാണാൻ കൂടപ്പുഴ പോകേണ്ട, പട്ടേനയിലെ പറമ്പിലുണ്ട്

Tuesday 18 April 2023 10:25 PM IST

നീലേശ്വരം: മൺമറഞ്ഞ അനുഗ്രഹീതനടൻ കലാഭവൻ മണി അനശ്വരമാക്കിയ ഒരു പാട്ടിലൂടെയാണ് മലയാളികളിലധികവും ഓടപ്പഴത്തെ കുറിച്ച് കേട്ടത്. മധുരമേറിയ പാട്ടായി മലയാളി മനസിൽ കുടിയേറിയ അമ്പഴങ്ങ വലുപ്പത്തിലുള്ള മഞ്ഞനിറമുള്ള ഈ പഴത്തെ നേരിൽ കാണാനുള്ള ഭാഗ്യം കൈവന്നിരിക്കുയാണ് നീലേശ്വരത്തിനടുത്തുള്ള പട്ടേനക്കാർക്ക്.

പട്ടേന മുങ്ങത്ത് റോഡിൽ ഹയർ സെക്കൻഡറി അധ്യാപകൻ വി.ഹരിദാസിന്റെയും കരിന്തളത്തെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും തന്ത്രിയും കർഷകനുമായ രഞ്ജിത് നരസിംഹൻ നമ്പൂതിരിയുടെയും പറമ്പിലെ കയ്യാലയിലാണ് ഓടപ്പഴം വിളഞ്ഞ് നിൽക്കുന്നത്.

ഒറ്റനോട്ടത്തിൽ കായ്ച്ചു നിൽക്കുന്ന ഈന്തപ്പഴകുലകളാണെന്ന് തോന്നും. ചക്കയും മാങ്ങയും കായ്ക്കുന്ന സമയത്താണ് ഇതും ഫലം തരുന്നത്. കിളികൾക്കും അണ്ണാനും, മരപ്പട്ടിക്കും ഇഷ്ട ആഹാരമാണ് ഓടപഴം .കുട്ടികളും ഇത് പറിച്ച് കഴിക്കാറുണ്ട്. ഇരുപത്തഞ്ച് വർഷമെടുക്കും ചെടി പൂക്കാൻ. പൂത്ത് ആറ് മാസം കഴിഞ്ഞാൽ പഴമായി വളരാൻ. കായ്ച്ചുതുടങ്ങിയാൽ എല്ലാ വർഷവും ഫലം തരും.

ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്നു ഓടപ്പഴം എന്നാൽ ഇന്നുള്ള പലർക്കും അപരിചിതമാണ്. പലരും ഈ ചെടി വെട്ടിക്കളയാറാണ് പതിവ്.വിസ്മൃതിയിലായ ആ പഴയ കാഴ്ചയുടെ സൗന്ദര്യം വിരുന്നെത്തിയിരിക്കുകയാണ് വള്ളിയായി മറ്റു വൃക്ഷങ്ങളിൽ ചുറ്റി പടർന്നു കയറുന്ന ഓടൽ, മരം പോലെ വണ്ണം വയ്ക്കും. പണ്ട് സർപ്പക്കാവുകളിലും കാടുപിടിച്ച പറമ്പുകളിലും ഓടൽ വളരാറുണ്ടായിരുന്നു. നല്ല മൂപ്പേറിയ ഓടലിൽ ധാരാളം കായകളുണ്ടാകും. കാവുകളൊക്കെ കൊത്തി വെളുപ്പിച്ച് വീട് വച്ചതോടെയാണ് നാട്ടിൽ ഓടപ്പഴം ഇല്ലാതായതെന്ന് രഞ്ജിത്ത് നമ്പൂതിരിയുടെ ബന്ധുവായ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഇന്ദു ദിലീപ് പറഞ്ഞു.വേനൽ ചൂടിനെ ഇല്ലാതാക്കാനും അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കാനും ഇ ചെടിക്കാവുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡോ.ഇന്ദു പറഞ്ഞു.

പശ്ചിമഘട്ടത്തിന്റെ സമ്പത്ത്

പശ്ചിമഘട്ട കാടുകളിൽ കാണപ്പെടുന്ന ആരോഹിയായ വള്ളിചെടിയാണ് ഓടൽ. സർകോസ്റ്റിഗ്മ ക്ലീനീ എന്നാണ് ശാസ്ത്രീയ നാമം. ഇതിനെ വള്ളിയോടൽ, എരു മഞ്ഞാലി, വെള്ളയോടൽ, എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നു. .കടുത്ത മഞ്ഞ നിറമാണ് ഇതിനെ ആകർഷകമാക്കുന്നത്. ഓടക്കുരു ഉണക്കി ആട്ടിയാൽ ഔഷധഗുണമുള്ള ഓടലെണ്ണ കിട്ടും. ആയുർവേദ മരുന്നുകളിലും കർക്കിടക മാസത്തിലെ മരുന്നുകളിലും ഓടലെണ്ണ ഉപയോഗിക്കുക പതിവായിരുന്നു.

Advertisement
Advertisement