യുക്രെയിൻ; റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ സന്ദർശിച്ച് പുട്ടിൻ

Wednesday 19 April 2023 1:30 AM IST

മോസ്കോ: യുക്രെയിൻ അധിനിവേശത്തിൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളായ ഖേഴ്സണും ലുഹാൻസ്കും സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. കഴിഞ്ഞ സെപ്തംബറിലാണ് ഈ പ്രദേശങ്ങൾ റഷ്യ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. മിലിട്ടറി കമാൻഡർമാരുമായും സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി. റഷ്യൻ സൈനികരുടെ ഭാഗിക നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങൾ ആദ്യമായാണ് പുട്ടിൻ സന്ദർശിക്കുന്നത്. അപൂർവമായാണ് യുദ്ധമേഖലകളിൽ പുട്ടിൻ സന്ദർശനം നടത്തുക. കഴിഞ്ഞ മാസം ക്രീമിയയും മരിയുപോളും പുട്ടിൻ സന്ദർശിച്ചിരുന്നു.

റഷ്യൻ ഫെഡറേഷൻ ആംഡ് ഫോഴ്സിന്റെ സുപ്രീം കമാൻഡർ കൂടിയായ വ്ളാഡിമർ പുട്ടിൻ തെക്ക് ഖേഴ്സൺ പ്രവിശ്യയിൽ നീപ മിലിട്ടറി ഗ്രൂപ്പിംഗിന്റെ ആസ്ഥാനത്തും കിഴക്ക് ലുഹാൻസ്ക് പ്രവിശ്യയിലെ റഷ്യൻ നാഷണൽ ഗാർഡ് ആസ്ഥാനത്തും സന്ദർശനം നടത്തിയതായി ക്രെംലിൻ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഏത് സമയത്തായിരുന്നു സന്ദർശനം എന്നത് വ്യക്തമാക്കിയിട്ടില്ല.

കമാൻഡർമാരുടെയും ഭടൻമാരുടെയും അഭിപ്രായങ്ങൾ അറിയുന്നതും നിജസ്ഥിതി വ്യക്തമായി അറിയുകയെന്നുമുള്ളത് വളരെ പ്രാധാന്യമേറിയ കാര്യമാണ്. അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനും ഇത് അവസരമൊരുക്കുന്നുവെന്ന് ക്രെംലിൻ പുറത്തുവിട്ട വീഡിയോയിൽ പുട്ടിൻ പറയുന്നുണ്ട്. സേനാംഗങ്ങൾക്ക് അദ്ദേഹം ഇൗസ്റ്റർ ആശംസകൾ നേർന്നു.

നീപ സൈനിക യൂണിറ്റിന്റെ വ്യോമസേന കമാൻഡർമാരുമായി അദ്ദേഹം സംസാരിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. കമാൻഡർമാരിൽ നിന്ന് സപോറേഷ്യ, ഖേഴ്സൺ പ്രവിശ്യകളിൻെ നിജസ്ഥിതി വ്യക്തമാകുന്ന റിപ്പോർട്ട് നേരിട്ട് ലഭിക്കുകയായിരുന്നു സന്ദർശനത്തിന്റെ മുഖ്യലക്ഷ്യമെന്നും വാർത്താ ഏജൻസി പറയുന്നു.

ബെലാറൂസിൽ റഷ്യ ആണവായുധം സ്ഥാപിക്കാനുള്ള റഷ്യയുടെ പദ്ധതിയെ ജപ്പാനിൽ നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രിമാർ ശക്തമായ അപലപിച്ചതിനിടെയാണ് പുട്ടിന്റെ സന്ദർശനവാർത്ത പുറത്തു വന്നത്.

അതേസമയം, പുട്ടിന്റെ സന്ദർശനത്തെ യുക്രെയിൻ അപലപിച്ചു. റഷ്യ അതിക്രമം നടത്തിയ പ്രദേശങ്ങൾ കണ്ട് ആസ്വദിക്കാനെത്തിയതാണ് പുട്ടിൻ എന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ഉപദേശകനായ മിഖൈയലോ പൊഡോല്യാക് ട്വീറ്റ് ചെയ്തു.

Advertisement
Advertisement