കാണികളുടെ മനം നിറച്ച് 'എന്റെ കേരളം' സ്റ്റാളുകൾ

Wednesday 19 April 2023 12:22 AM IST
'എന്റെ കേരളം' സ്റ്റാളുകൾ

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ ആരംഭിച്ച 'എന്റെ കേരളം' മെഗാ പ്രദർശന-വിപണനമേള കാണികളുടെ ശ്രദ്ധയാകർഷിക്കുന്നു. വിവിധ വകുപ്പുകളുടേതുൾപ്പെടെ ഇരുന്നൂറോളം സ്റ്റാളുകളാണ് മേളയിലുള്ളത്. മലബാർ, കുട്ടനാടൻ വിഭവങ്ങളുമായുള്ള ഫുഡ്‌കോർട്ടും ആകർഷണമാണ്. അവധിക്കാലമാതയിനാൽ സ്റ്റാളുകളിൽ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്.

ടൂറിസം വകുപ്പ് വയനാടൻ മേഖലയിൽ നിന്നെത്തിച്ച ഏലത്തോട്ടം കാണികളുടെ ശ്രദ്ധയാകർഷിക്കുന്നു. ഏലത്തോട്ടത്തിലേക്ക് പോകാനായി ആറടി ഉയരത്തിലും 10മീറ്റർ നീളത്തിലുമുള്ള തുരങ്കമായ "സുരങ്ക" സന്ദർശകർക്ക് പ്രത്യേക അനുഭൂതി സമ്മാനിക്കുന്നതാണ്.

പൊലീസ്, മോട്ടോർവാഹന വകുപ്പുകളുടെ സ്റ്റാളുകളിൽ കാലപ്പഴക്കം ചെന്ന ഉപകരണങ്ങളുടെ പ്രദർശനം കാണാൻ വലിയ തിരക്കാണനുഭവപ്പെടുന്നത്. വിവിധതരം തോക്കുകളും ശാസ്ത്രീയ പരിശോധന രീതികളും ജനങ്ങൾക്ക് പകർന്നു നൽകുന്ന പൊലീസ് സ്റ്റാൾ മേളയിലെ താരമാണ്. രണ്ടാം വർഷ മഹായുദ്ധക്കാലത്ത് ജർമ്മൻ നിർമ്മിത മോട്ടോർ സൈക്കിൾ ഉപ്പെടെ മോട്ടോർ വാഹനവകുപ്പിന്റെ സ്റ്റാളിലുണ്ട്.

കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോർ ഡിസ്‌പ്ളേ സോണുകളും മേളയിലുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തിൽ ഡോഗ് ഷോ, ടെക്സോണിൽ വാഹന പ്രദർശനം എന്നിവയുമുണ്ടാകും. തോൽപ്പാവക്കൂത്തും വേദിക്ക് കൊഴുപ്പേകുന്നു. ആധാർ രജിസ്ട്രേഷൻ, റേഷൻ കാർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം, സുനീതി പോർട്ടലിൽ സൗജന്യ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളും വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്.

രുചിക്കൂട്ടൊരുക്കി ഫുഡ് കോർട്ട്

ആലപ്പുഴയുടെ തനിമയായ അപ്പവും താറാവും മുതൽ ചിക്കൻ കറി വരെയുമായി ലൈവ് കൗണ്ടറുകൾ, മലബാർ പലഹാരങ്ങളുമായി കുടുംബശ്രീ, കപ്പയും മീനും, കപ്പ ബിരിയാണി, കപ്പയും കരിമീൻ മപ്പാസും, കപ്പയും കക്കയിറച്ചിയും, കപ്പയും കരിമീൻ വറുത്തതും... തുടങ്ങി രുചിസമ്പന്നമാണ് മേളയോടനുബന്ധിച്ചുള്ള ഫുഡ് കോർട്ട്. എട്ടങ്ങാടി പുഴുക്ക് വരെ ഇവിടെ ലഭ്യമാകും. നോമ്പുതുറ വിഭവങ്ങളായ മലബാർ സ്‌പെഷ്യൽ ഉന്നക്കായ, വിവിധതരം കട്‌ലറ്റുകൾ, സമൂസ, പഴംപൊരി, ബജികൾ എന്നിവയും കുട്ടി ദോശ, മസാല ദോശ, മുട്ട ദോശ, ജീരക ദോശ, ചിക്കൻ ദോശ തുടങ്ങി പത്തുതരം ദോശകളും പാലട, പരിപ്പ്, ചോക്ലേറ്റ്, അടപ്രഥമൻ, മുളയരി പായസങ്ങളും ചൂടകറ്റാൻ വിവിധ തരം ഷെയ്ക്കുകളും ജ്യൂസുകളും എന്നിങ്ങനെ വിവിധങ്ങളായ രുചി ആസ്വദിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Advertisement
Advertisement