സുതാര്യമാകട്ടെ പെൻഷൻ പട്ടി​ക

Wednesday 19 April 2023 12:00 AM IST

സമൂഹത്തി​ലെ ഏറ്റവും ദുർബല ജനവിഭാഗങ്ങൾക്ക് ആശ്വാസമാകേണ്ട സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി​യി​ൽ ഏഴുലക്ഷത്തി​ൽപ്പരം പേർ അനർഹരായുണ്ടെന്ന കണ്ടെത്തൽ ഞെട്ടി​പ്പി​ക്കുന്നതാണ്. ഇവർക്കായി​ സർക്കാർ ഖജനാവി​ൽനി​ന്ന് ഒരു വർഷം 1344 കോടി രൂപയാണ് നല്‌കേണ്ടിവന്നത്. സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ട് ഉഴലുന്ന സർക്കാരിന് തീർച്ചയായും വലിയൊരു സംഖ്യ തന്നെയാണിത്. ക്ഷേമപെൻഷൻ വാങ്ങുന്നവരിലെ അനർഹരെ കണ്ടെത്താൻ നടത്തിയ പരിശോധനകളിലാണ് ഏഴുലക്ഷത്തിലധികം പേർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയത്.

സർക്കാരിന്റെ ഏറ്റവും വലിയ ക്ഷേമപദ്ധതിയെന്ന നിലയിൽ രാജ്യമൊട്ടുക്കും ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ് ഇവിടത്തെ സാമൂഹ്യപെൻഷൻ പദ്ധതി. പ്രതിവർഷം ഒരുലക്ഷം രൂപ പോലും വരുമാനമില്ലാത്ത പാവപ്പെട്ടവർക്കുവേണ്ടി കൊണ്ടുവന്ന ഈ പദ്ധതിയിൽ അൻപതുലക്ഷത്തോളം പേരാണ് ഗുണഭോക്താക്കൾ. ഒട്ടേറെപേർ മാനദണ്ഡങ്ങൾക്കു വിരുദ്ധമായിട്ടാണ് പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നതെന്നു നേരത്തെതന്നെ ആക്ഷേപം ഉയർന്നതാണ്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ കാര്യമായ പരിശോധനകളൊന്നും നടത്താൻ ഇതുവരെ സർക്കാർ തയ്യാറായില്ലെന്നതാണ് യാഥാർത്ഥ്യം. ഖജനാവിനു വലിയ ചോർച്ചയുണ്ടാകുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഗുണഭോക്താക്കളുടെ മസ്റ്ററിംഗും കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് സമർപ്പണവുമൊക്കെ നിർബന്ധമാക്കിയത്. ഉദ്ദേശിച്ച ഫലവും ഉണ്ടായി. ഏഴുലക്ഷത്തിലേറെ പേർ രേഖകൾ നല്‌കാൻ മുന്നോട്ടുവന്നില്ല. അതിനർത്ഥം അനർഹമായി അത്രയും പേർ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ്. ക്ഷേമപെൻഷനുകൾ നല്‌കാൻവേണ്ടി മാത്രം സംസ്ഥാന സർക്കാർ ഒരുവർഷം ചെലവഴിക്കേണ്ടിവരുന്നത് 10764 കോടി രൂപയാണ്.

സാമൂഹ്യസുരക്ഷാ പെൻഷന് അർഹരായവരെ നിർണയിക്കാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കു നല്‌കിയതാണ് പട്ടികയിൽ ലക്ഷക്കണക്കിന് അനർഹർ കയറിപ്പറ്റാൻ ഇടവരുത്തിയത്. ജനങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനം ഉൗട്ടിയുറപ്പിക്കാൻ വാർഡ് മെമ്പർമാരിൽ പലരും 'ഉപയോഗിച്ചത് 'ഈ പെൻഷൻ പദ്ധതിയെയാണ്. ബന്ധുക്കളും ചാർച്ചക്കാരും പരിചയക്കാരുമൊക്കെ പട്ടികയിൽ ഇടംനേടി. വരുമാന പരിധിയൊന്നും വിഷയമായതേയില്ല. പെൻഷനുള്ള അർഹത പല മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ്. അപേക്ഷാ ഫോറത്തിൽ ഇതെല്ലാം എഴുതിവച്ചിട്ടുണ്ടെങ്കിലും അവയൊക്കെ മറികടന്നാണ് പലരും പട്ടികയിൽ സ്ഥാനംപിടിച്ചത്. സമൂഹത്തിലെ അശരണരെ ഉദ്ദേശിച്ച് സർക്കാർ നടപ്പാക്കുന്ന പെൻഷൻപോലുള്ള പദ്ധതികളിൽ അർഹതയില്ലാത്തവർ ഉൾപ്പെടുന്നതും ആനുകൂല്യം പറ്റുന്നതും അസാധാരണമൊന്നുമല്ല. സർക്കാരിന്റെ മുതൽ തങ്ങൾക്കും അവകാശപ്പെട്ടത് എന്ന മനോഭാവമാണ് പൊതുവേ കാണുന്നത്. പലപ്പോഴും യഥാർത്ഥ അർഹരെ തഴഞ്ഞുകൊണ്ടാവും അനർഹർ ബന്ധപ്പെട്ടവരെ സ്വാധീനിച്ച് ആനുകൂല്യം പറ്റാറുള്ളത്. അപേക്ഷകരെ സംബന്ധിക്കുന്ന വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ ഇന്ന് കൃത്യമായ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ സ്വാധീനത്തിന്റെ പുറത്ത് സമ്പാദിക്കുന്ന വ്യാജ വരുമാന സർട്ടിഫിക്കറ്റുകളും വസ്തുതകൾ മറച്ചുവയ്ക്കുന്ന മറ്റു രേഖകളുമൊക്കെ നല്‌കി സർക്കാരിനെ കബളിപ്പിക്കുന്ന ഒട്ടേറെപ്പേരുണ്ട്. പരിശോധനകൾ കർക്കശമാക്കിയാൽ വ്യാജന്മാരെ എളുപ്പം പിടികൂടാനാവും. സാമൂഹ്യസുരക്ഷാ പെൻഷൻ പട്ടിക ഉടച്ചുവാർക്കാനുള്ള സർക്കാർ നീക്കം അതിന്റെ ഭാഗമായി കരുതാം. ഇതോടൊപ്പം തന്നെ ഇതുവരെയും പട്ടികയിൽ സ്ഥാനംകിട്ടാതെ ഉഴലുന്ന യഥാർത്ഥ അവശരുടെ പ്രശ്നം പരിഹരിക്കാൻ കൂടി നടപടിയുണ്ടാകണം. അനർഹമായ റേഷൻകാർഡുകൾ കൈവശം വച്ച് ആനുകൂല്യം പറ്റിക്കൊണ്ടിരുന്നവരെ കണ്ടുപിടിക്കാൻ സ്വീകരിച്ച നടപടിപോലെ വ്യാജ പെൻഷൻകാരെ പട്ടികയിൽനിന്ന് പുറത്താക്കാനും കഴിയണം. ജൂണിൽ പുതിയ പരിശോധന നിശ്ചയിച്ചിട്ടുണ്ട്. മുഴുവൻ അനർഹരെയും ഒഴിവാക്കാൻ അതിലൂടെ കഴിയണം.

Advertisement
Advertisement