രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു, ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത് പതിനായിരത്തിലേറെ കേസുകൾ; 38 മരണം
Wednesday 19 April 2023 12:40 PM IST
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 10,542 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മുപ്പത്തിയെട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ ആറും, ഡൽഹിയിൽ അഞ്ചും, ഛത്തീസ്ഗഡിൽ നാലും, കർണാടകയിൽ മൂന്നും, രാജസ്ഥാനിൽ രണ്ടും കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതുച്ചേരി, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, കേരള എന്നിവടങ്ങളിൽ ഒരാൾ വീതവും മരിച്ചു.
നിലവിൽ 63,562 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 4.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്നലെ 7,633 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനൊന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.