ലണ്ടനിലേയ്ക്ക്  കടക്കാൻ  ശ്രമം; അമൃത്പാൽ സിംഗിന്റെ ഭാര്യ പൊലീസ് കസ്റ്റഡിയിൽ

Thursday 20 April 2023 4:15 PM IST

അമൃത്സർ: ലണ്ടനിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ പൊലീസ് കസ്റ്റഡയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകാനിരിക്കെ അമൃത്സർ എയർപോട്ടിൽ വച്ചാണ് കിരൺദീപിനെ കസ്റ്റഡിയിൽ എടുത്തത്. യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്.

അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വകുപ്പാണ് ഇവരെ ആദ്യം തടഞ്ഞുവച്ചത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള കിരൺ ദീപ് കൗറിനെതിരെ വിദേശത്തോ രാജ്യത്തോ കേസുകൾ ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബ് പോലീസോ കേന്ദ്ര ഏജന്‍സികളോ ഇവര്‍ക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം, ഒളിവില്‍കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാകും. ഈ സാഹചര്യത്തിലാണ് കിരണ്‍ദീപ് കൗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. യു കെയിൽ സ്ഥിരതാമസിക്കാരിയായ കിരൺദീപ് കൗറും അമൃത്പാൽ സിംഗും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെയാണ് യുവതി പഞ്ചാബിലെത്തിയതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഒരു മാസത്തോളമായി ഒളിവിൽകഴിയുന്ന അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അമൃത്പാലിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഉചിതമായ പ്രതിഫലം നൽകുമെന്ന് അറിയിച്ച് അമൃത്‌സർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് നോട്ടീസ് പതിപ്പിച്ചു. അമൃത്പാലിന് സഹായം ചെയ്യുന്നുവെന്ന് സംശയിക്കുന്നവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തുവരുന്നു. പഞ്ചാബിൽ അമൃത്പാലിന് താമസിക്കാൻ സഹായം നൽകിയ ഹർദീപ് സിംഗ്, കുൽദീപ് സിംഗ് എന്നീ സഹോദരന്മാരെ പൊലീസ് പിടികൂടി. മാർച്ച് 18നാണ് അമൃത്പാൽ സിംഗ് ഒളിവിൽ പോകുന്നത്. മാർച്ച് 28നും 29നും പഞ്ചാബിലെ ഹോഷിയാർപൂരിൽ ഇയാൾ ഒളിവിൽ കഴിഞ്ഞെന്ന് സംശയിക്കുന്ന വീട്ടിൽ അടുത്തിടെ പരിശോധന നടത്തിയിരുന്നു.