കുതിച്ച് റോക്കറ്റ് ഭീമൻ, പിന്നാലെ പൊട്ടിത്തെറി

Friday 21 April 2023 12:05 AM IST

സ്റ്റാർഷിപ്പ് വിക്ഷേപണം ഭാഗിക വിജയം

ന്യൂയോർക്ക് : ലോകത്തെ ഏ​റ്റവും വലിപ്പവും ശക്തിയുമുള്ള റോക്ക​റ്റായ സ്‌പേസ്‌ എക്‌സ് സ്​റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഭാഗികമായ വിജയത്തിന് ശേഷം ആകാശത്ത് പൊട്ടിത്തെറിയിൽ കലാശിച്ചു.

ഗോളാന്തര മനുഷ്യ യാത്രയ്‌ക്കുള്ള സ്റ്റാർഷിപ്പ് പേടകവും അത് ഘടിപ്പിച്ച കൂറ്റൻ ബൂസ്റ്റർ റോക്കറ്റായ സൂപ്പർ ഹെവിയും ഒരുമിച്ചുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്.

ഇന്ത്യൻ സമയം ഇന്നവലെ വൈകിട്ട് 7.03ന് ടെക്സസിലെ ബോക ചികയിലെ സ്റ്റാർ ബേസ് വിക്ഷേപണ ത്തറയിൽ നിന്ന് റോക്കറ്റ് വിജയകരമായി കുതിച്ചുയർന്നു. നാല് മിനിറ്റിനകം മെക്സിക്കോ ഉൾക്കടലിന് 32 കിലോമീറ്റർ മുകളിൽ വച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

മൂന്ന് മിനിറ്റിന് ശേഷം ബൂസ്റ്റർ റോക്കറ്റ് സാങ്കേതിക തകരാറുകൾ കാരണം സ്റ്റാർഷിപ്പിൽ നിന്ന് വേർപെടുന്നതിൽ പരാജയപ്പെട്ടു. അതോടെ റോക്കറ്റിലെ സ്വയം നശീകരണ സംവിധാനം പ്രവർത്തിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.സ്റ്റാർഷിപ്പിന്റെ വിക്ഷേപണം വൈകിട്ട് 6.58നായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും രണ്ട് സെക്കൻഡ് മുമ്പ് കൗണ്ട്‌ഡൗൺ നിറുത്തിവച്ചിരുന്നു. ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്നതു തന്നെ വിജയമാണന്നും പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്നും സ്‌പേസ്‌ എക്‌സ് അറിയിച്ചു. ഡേറ്റകൾ പരിശോധിച്ച് അടുത്ത പരീക്ഷണത്തിനുള്ള തയാറെടുപ്പുകൾ നടത്തും. ആദ്യ പരീക്ഷണം പൂർണമായും വിജയിക്കില്ലെന്ന് സ്പേസ് എക്സും ഉടമ ഇലോൺ മസ്കും നേരത്തെ സൂചിപ്പിച്ചിരുന്നു.

സ്റ്റാർഷിപ്പിനെ 33 റാപ്റ്റർ എൻജിനുകളിൽ 27 എണ്ണം ചേർന്ന് ഉയർത്തിയത് നേട്ടമായി. 6 എൻജിനുകൾ പ്രവർത്തിച്ചില്ല. ഏപ്രിൽ 17ന് വിക്ഷേപണത്തിന് ശ്രമിച്ചെങ്കിലും ബൂസ്​റ്റർ സ്റ്റേജിലെ മർദ്ദവ്യതിയാനം മൂലം മാറ്റുകയായിരുന്നു.

സംഭവിച്ചത് ഇങ്ങനെ

 ഇന്ത്യൻ സമയം വൈകിട്ട് 7.03ന് വിക്ഷേപണം

 2 മിനിറ്റ് 49 സെക്കന്റ് വരെ എല്ലാം കൃത്യം

 3 മിനിറ്റിന് ശേഷം സ്റ്റാർഷിപ്പ് പേടകത്തിൽ നിന്ന് സൂപ്പർ ഹെവി ബൂസ്റ്റർ വേർപെട്ടില്ല

തുടർന്ന് ആകാശത്ത് വച്ച് പൊട്ടിത്തെറി

പൊട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ ?

 3 മിനിറ്റിൽ സ്റ്റാർഷിപ്പും സൂപ്പർ ഹെവി ബൂസ്റ്ററും വേർപെടും

 സൂപ്പർ ഹെവി മെക്സിക്കോ ഉൾക്കടലിൽ പതിക്കും

 150 മൈൽ ഉയരത്തിൽ സ്റ്റാർഷിപ്പ് ഭൂമിയെ ഭ്രമണം ചെയ്യും.

90ാം മിനിറ്റിൽ ഹവായിക്ക് സമീപം പസഫിക് സമുദ്രത്തിൽ പതനം.

 ' സ്റ്റാർഷിപ്പിന്റെ ആവേശകരമായ പരീക്ഷണ വിക്ഷേപണത്തിന് പിന്നിലെ ടീമിന് അഭിനന്ദനങ്ങൾ. അടുത്ത പരീക്ഷണത്തിന് മുമ്പായി ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ അതുണ്ടാകും. "

- ഇലോൺ മസ്ക്, സ്പേസ്എക്സ് സി.ഇ.ഒ