കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐയുടെ സമൻസ്,​ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Friday 21 April 2023 7:57 PM IST

ന്യൂഡൽഹി : ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. . ജമ്മു കാശ്മീരിലെ റിലയൻസ് ഇൻഷ്വറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ സമൻസ് അയച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 27നോ 289നോ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സത്യപാൽ മാലിക്ക് വെളിപ്പെടുത്തി.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള സത്യപാൽ മാലിക്ക് അടുത്തിടെ നടത്തിയ പ്രതികരണങ്ങൾ വിവാദമായിരുന്നു. ജവാൻമാരെ കൊണ്ടുപോകാൻ വിമാനം നൽകാത്തതും സ്ഫോടക വസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്ന് മാലിക്ക് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയോട് ഇതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ഇക്കാര്യം പുറത്ത് മിണ്ടരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നവെന്നും മാലിക്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.