സെൻട്രൽ സ്റ്റേഷൻ വികസനത്തിന് 496 കോടി രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കംകുറിക്കും നേമം തിരു. സൗത്താകും കൊച്ചുവേളി തിരു. നോർത്തും
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷന് അന്താരാഷ്ട്ര മുഖം കൈവരുന്നതിനൊപ്പം സ്റ്റേഷന്റെ തെക്കും വടക്കുമായി കിടക്കുന്ന നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് തിരുവനന്തപുരം സൗത്ത്,നോർത്ത് എന്നിങ്ങനെ പുതുക്കാൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ വിമാനത്താവള മാതൃകയിൽ നവീകരിക്കുന്നതിനു റെയിൽവേ 496 കോടി രൂപയുടെ പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. തിരുവനന്തപുരത്തേക്കു വരേണ്ട ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാരിൽ പലർക്കും കൊച്ചുവേളി എന്നൊരു സ്റ്റേഷനുണ്ടെന്നും അതു തിരുവനന്തപുരത്തിന് തൊട്ടടുത്താണെന്നും അറിയില്ല. അവർ തിരുവനന്തപുരത്തേക്കു നേരിട്ടുള്ള ട്രെയിൻ കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുന്നതായി റെയിൽവേക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സ്റ്റേഷനുകൾ നവീകരിക്കുന്നതോടെ ഈ പരാതി മാറുകയും വരുമാനം കൂടുകയും ചെയ്യുമെന്നാണ് റെയിൽവേയും പ്രതീക്ഷിക്കുന്നത്.
കൊച്ചുവേളി-തിരുവനന്തപുരം-നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്രവികസനമാണ് റെയിൽവേ ബോർഡ് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി.കൊച്ചുവേളിയിലേക്കുള്ള ട്രെയിനുകൾ തിരുവനന്തപുരം കടന്ന് നേമം വരെ നീട്ടാനും കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുത്താനും കഴിയും.തിരുവനന്തപുരത്തെ പ്ലാറ്റ്‌ഫോമുകളിലെ തിരക്കു കുറയ്ക്കാൻ ട്രെയിനുകൾക്ക് നേമം വരെ റൂട്ട് വ്യാപിപ്പിക്കാനും പുതിയ പദ്ധതിയിലൂടെ കഴിയും.നേമം ടെർമിനൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 116.57 കോടി രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം റെയിൽവേ ഉത്തരവിറക്കിയിരുന്നു. ദേശീയപാതയിൽ നിന്നു നേമം റെയിൽവേ ടെർമിനലിലേക്കു പുതിയ റോഡ് നിർമിക്കുന്നതോടെ സ്റ്റേഷനുമായുള്ള കണക്ടിവിറ്റി വർദ്ധിക്കും.നിലവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കും അവിടെ ഇറങ്ങുന്ന യാത്രക്കാർക്കു നഗരത്തിലേക്കും എത്താനുള്ള ഗതാഗത സൗകര്യം വളരെ കുറവാണ്. കൊച്ചുവേളി– തിരുവനന്തപുരം –നേമം വികസനം യാഥാർത്ഥ്യമാകുന്നതോടെ ഇതിനും പരിഹാരമുണ്ടാകും. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ വികസന മാസ്റ്റർ പ്ലാനിന്റെ മൂന്നാം ഘട്ടം പൂർത്തീകരണമാണ് പ്രധാനമന്ത്രി നാടിനു സമർപ്പിക്കുന്നത്. ആവശ്യമെങ്കിൽ നാലാം ഘട്ട വികസനവും വൈകാതെ ആരംഭിക്കാനാകും.