അടി, ചവിട്ട്, കുത്ത് ! യാത്രക്കാരുടെ ശല്യം സഹിക്കാതെ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത് രണ്ട് തവണ, സ്ത്രീകളടക്കം പിടിയിൽ, വീഡിയോ

Wednesday 26 April 2023 11:28 AM IST

മെൽബൺ: യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടർന്ന് വിമാനം രണ്ട് തവണ അടിയന്തരമായി നിലത്തിറക്കി. ക്വീൻസ്ലാൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്ക് പോയ വിമാനമാണ് ഗത്യന്തരമില്ലാതെ തിരിച്ചിറക്കേണ്ടി വന്നത്. ക്രൂ അംഗങ്ങൾ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് അടിയന്തരമായി ലാൻഡ് ചെയ്‌തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം യാത്രക്കാർ സീറ്റിനിടയിൽ നിൽക്കുന്നതും അതിലൊരാൾ മറ്റൊരു യാത്രക്കാരനെ അടിക്കാൻ കുപ്പി ഉയർത്തുന്നതുമാണ് വീഡിയോയിലുള്ളത്. യാത്രക്കാർ പരസ്‌പരം തല്ലുകയും അടിക്കുകയും ചവിട്ടുകയും ചെയ്‌തു.

ആദ്യത്തെ വഴക്കുണ്ടായപ്പോൾ വിമാനം ക്വീൻസ്ലൻഡിൽ തന്നെയിറക്കുകയും, മോശം പെരുമാറ്റത്തിന് ഒരു യാത്രക്കാരിക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. വിമാനം വീണ്ടും പറന്നുയർന്നതോടെ വീണ്ടും യാത്രക്കാർ തമ്മിൽ വഴക്കുണ്ടായി. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ വിമാനം വീണ്ടും എമർജൻസി ലാൻഡിംഗ് നടത്തിയത്. അതേസമയം, നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.