നവ്യ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വിമർശനങ്ങളും ട്രോളും; ഒടുവിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിൽ പ്രതികരണവുമായി നടി

Wednesday 26 April 2023 12:02 PM IST

രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. മോദിയുടെ 'യുവം 2023' ൽ ഉണ്ണിമുകുന്ദനും നവ്യ നായരും അപർണ ബാലമുരളിയുമടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തു.

ഇതിനുപിന്നാലെ നവ്യ ചെയ്തത് തെറ്റായിപ്പോയെന്നും നടി ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞുകൊണ്ട് ചില വിമർശനങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു. 'അപർണ ബാലമുരളിയെപ്പോലെ പ്രതിഫലത്തിന് വേണ്ടിയാണ് പരിപാടിയിൽ പങ്കെടുത്തത്. അന്നുമിന്നും എന്റെതേ ഇടത് രാഷ്ട്രീയം' എന്ന് നവ്യ നായർ പറഞ്ഞുവെന്ന തരത്തിലുള്ള വ്യാജ വാർത്തകളും പ്രചരിച്ചു.

ഇത്തരം വ്യാജവാർത്തകൾക്കും ട്രോളുകൾക്കും വിമർശനത്തിനുമുള്ള മറുപടിപോലെ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. ' ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.