മാമുക്കോയയ്ക്ക് വിടനൽകി ജന്മനാട്; മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Thursday 27 April 2023 10:57 AM IST

കോഴിക്കോട്: നടൻ മാമുക്കോയയ്ക്ക് വിട നൽകി ജന്മനാട്. മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. അരക്കിണർ മുജാഹിദ് പള്ളിയിൽ മയ്യത്ത് നമസ്‌കാരത്തിന് ശേഷമാണ് മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടുവന്നത്. പ്രിയ കലാകാരനെ അവസാനമായി ഒരുനോക്കുകാണാൻ നൂറുകണക്കിനാളുകളാണ് കോഴിക്കോട്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 1.05ന് കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഈ മാസം ഇരുപത്തിനാലിന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ രക്തസ്രാവംകൂടി ഉണ്ടായി. കാൻസറിനും ഹൃദയസംബന്ധമായ അസുഖത്തിനും നേരത്തെ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നുമുതൽ കോഴിക്കോട് ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. സിനിമ-സംഗീത-നാടക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് രാത്രി പത്തോടെ മൃതദേഹം അരക്കിണറിലെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു.

1946 ജൂലായ് അഞ്ചിന് ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായിട്ടാണ് മാമുക്കോയ ജനിച്ചത്. ഹാസ്യനടനായും സ്വഭാവ നടനായും മലയാളികളുടെ മനസ് കീഴടക്കി. ഹാസ്യാഭിനയത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം ആദ്യം ലഭിച്ചത് മാമുക്കോയയ്ക്കാണ്. 1979ൽ പുറത്തിറങ്ങിയ 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. ഭാര്യ: സുഹറ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്. മരുമക്കൾ: അബ്ദുൽ ഹാബിദ് (ഖത്തർ), സക്കീർ ഹുസൈൻ(കെ.എസ്.ഇ.ബി), ജെസ്സി, ഫസ്ന.