കാട്ടുമൃഗങ്ങൾ മുതൽ ഉരുൾപൊട്ടൽ വരെ സേഫാകാൻ മലയോരവാസികൾ

Sunday 30 April 2023 11:20 PM IST

കോട്ടയം: വെള്ളപ്പൊക്കം, കാട്ടുമൃഗശല്യം ഒപ്പം ഉരുൾപൊട്ടൽ... തുടരുന്ന എത്രയെത്ര പ്രതിസന്ധികൾ. പ്രകൃതിദുരന്തവും കാട്ടുമൃഗശല്യവും ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ നട്ടംതിരിയുന്ന മലയോരമേഖലയിൽ നിന്ന് ഇപ്പോൾ പുതുതലമുറയുടെ കൂട്ടപ്പലായനം. കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം താലൂക്കുകളിലെ വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത സമതല പ്രദേശങ്ങളിലേക്കാണ് പലരും താമസം മാറുന്നത്.

കോരുത്തോട്, എരുമേലി, കൂട്ടിക്കൽ, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലുള്ളവരാണ് സുരക്ഷിത സ്ഥലം തേടുന്നത്. ചെറിയ പ്ളോട്ടുകളിൽ ബഡ്ജറ്റ് വീടുകൾ നിർമ്മിച്ചു നൽകുന്നവരുടെ എണ്ണവും കൂടി. അപ്രതീക്ഷിത ദുരന്തം മലയോരമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് മനംമാറ്റം. മലയോരത്തെ സ്ഥലം വിൽക്കാതെ അഞ്ചു മുതൽ പത്ത് സെന്റ് വരെ സ്ഥലം വാങ്ങി വീടുവയ്ക്കുകയോ ചെറിയ ബഡ്ജറ്റിൽ വീടോടെ വാങ്ങുകയായാണ്. വെള്ളം കയറാത്ത കുടിവെള്ളം ലഭ്യമായ സ്ഥലമാണ് ആവശ്യം. പരമാവധി പത്ത് സെന്റ്. അവിടൊരു വീടുമാണ് ലക്ഷ്യം. മണിമല,പാലാ, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, അയർക്കുന്നം, കറുകച്ചാൽ, വാഴൂർ, പുതുപ്പള്ളി, മണർകാട്, കൂരോപ്പട പഞ്ചായത്തുകളിൽ വെള്ളംകയറാത്ത പ്രദേശങ്ങളിൽ വസ്തു അന്വേഷിച്ച് നിരവധിപേരാണ് എത്തുന്നത്. ഉയർന്ന പ്രദേശമാണെങ്കിലും വെള്ളം കിട്ടുന്ന ഇടമാണെങ്കിൽ നല്ല ഡിമാന്റും.

 പെണ്ണുകിട്ടില്ല

പ്രകൃതി ദുരന്തവും കാട്ടുമൃഗശല്യവും സജീവമായി വാർത്തകളിൽ നിറഞ്ഞതോടെ ഇവിടേയ്ക്ക് പെൺകുട്ടികളെ വിവാഹം കഴിച്ചയ്ക്കാനും മാതാപിതാക്കൾ തയാറാകുന്നില്ല. നല്ല റോഡും വാഹനങ്ങളുടെ കുറവും നഗരങ്ങളിലേയ്ക്കുള്ള ദൂരക്കൂടുതലുമെല്ലാം പുതുതലമുറയെ അകറ്റുന്നു. പ്രകൃതിയോട് പടപൊരുതി ജീവിച്ചവരാണ് പൂർവികരെങ്കിലും പുതുതലമുറയിലുള്ളവരെല്ലാം ഐ.ടി, സർക്കാർ ജോലിക്കാരാണ്. ഇവർക്കാർക്കും ഈ മേഖലകളിൽ വീട് വെയ്ക്കാൻ താത്പര്യവുമില്ല.

പലായനത്തിന് കാരണം

കാട്ടമൃഗങ്ങളുടെ ശല്യം, ബഫർസോൺ ഭീതി, വെള്ളപ്പൊക്ക ഉരുൾപ്പൊട്ടൽ ഭീതി, കുടിവെള്ള പ്രതിസന്ധി, ഗതാഗത പ്രശ്നം

ഭൂമി വാങ്ങാൻ ധാരാളം പേർ സമീപിക്കുന്നുണ്ട്. ആറിനും തോടിനും ചേർന്ന് ഇപ്പോൾ വീട് വേണ്ടെന്ന നിലപാടാണ് ആളുകൾക്ക്.

സുരേഷ് കുമാർ,​ വസ്തു ബ്രോക്കർ