സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു, ​ മുൻ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു

Monday 01 May 2023 8:11 PM IST

കോട്ടയം : കോട്ടയം കോതനല്ലൂരിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. കോതനല്ലൂർ സ്വദേശി ആതിരയുടെ മരണത്തിലാണ് യുവതിയുടെ മുൻ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ പൊലീസ് കേസെടുത്തത്.

മണിപ്പൂരിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാസഹോദരിയാണ് മരിച്ച യുവതി. ഇന്ന് രാവിലെ ആറരയോടെയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ ഫേസ്ബുക്കിലൂടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം നടത്തിയിരുന്നു.

ഇയാളുമായുള്ള സൗഹൃദം ആതിര സമീപ കാലത്ത് ഉപേക്ഷിച്ചിരുന്നു. യുവതിക്ക് വിവാഹ ആലോചകൾ വരുന്നതറിഞ്ഞ അരുൺ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപങ്ങൾ നടത്തിയിരുന്നു. യുവതിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ യുവതി കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരുൺ വിദ്യാധരൻ ഒളിവിലാണ്.