ആക്‌ടീവ സ്കൂട്ടറിൽ തിരുവനന്തപുരം നഗരത്തിൽ ചുറ്റിനടന്ന് സൂര്യ കാണിച്ചിരുന്ന പരിപാടി കൈയോടെ പൊക്കി

Tuesday 02 May 2023 7:26 AM IST

തിരുവനന്തപുരം: ഡ്രൈ ഡേ ദിനത്തിൽ തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ വെട്ടുകാട് ബാലനഗർ കോളനിയിൽ നിന്നും ഒരാളെ 100 ലിറ്റർ മദ്യവുമായി പിടികൂടി. ആക്ടീവ സ്കൂട്ടറിൽ കറങ്ങി നടന്ന് നഗരത്തിൽ വൻതോതിൽ മദ്യ വിൽപ്പന നടത്തുന്ന ബാലനഗർ കോളനി നിവാസിയായ സൂര്യ എന്ന് വിളിക്കുന്ന ശ്രീജിത്തിനെ ആണ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ സ്കൂട്ടറിൽ നിന്നും വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നുമായി 193 കുപ്പികളിലായി സൂക്ഷിച്ചിരുന്ന പോണ്ടിച്ചേരി മദ്യം ഉൾപ്പെടെ 100 ലിറ്റർ മദ്യം ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കയ്യിൽ നിന്നും മദ്യം വിറ്റ വകയിലെ 5000 രൂപയും കണ്ടെടുത്തു.

സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിൻ്റെ നിർദ്ദേശാനുസരണം നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, സന്തോഷ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ്ബാബു, നന്ദകുമാർ,രതീഷ് മോഹൻ, അക്ഷയ് സുരേഷ്, പ്രബോധ്, എക്‌സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.