ജെ എൻ യുവിൽ 'കേരള സ്‌റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി എ ബി വി പി, തടയുമെന്ന് എസ് എഫ് ഐ; സിനിമ ലൗ ജിഹാദിനെപ്പറ്റിയല്ലെന്ന് സംവിധായകൻ

Tuesday 02 May 2023 10:57 AM IST

ന്യൂഡൽഹി: 'ദ കേരള സ്റ്റോറി' സിനിമ ജെ എൻ യുവിൽ പ്രദർശിപ്പിക്കുന്നത് തടയുമെന്ന് എസ് എഫ് ഐ. വൈകിട്ട് നാല് മണിക്ക് ജെ എൻ യുവിൽ സെലക്ടീവ് സ്‌ക്രീനിംഗ് നടത്തുമെന്ന് എ ബി വി പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് എസ് എഫ് ഐ രംഗത്തെത്തിയിരിക്കുന്നത്. സിനിമയെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നേരത്തെ വിമർശിച്ചിരുന്നു. അതേസമയം, 'കേരള സ്‌റ്റോറി' കേരളത്തിനെതിരെയല്ലെന്ന് സംവിധായകൻ സുദീപ്‌തോ സെൻ പ്രതികരിച്ചു. കേരളത്തെ അപമാനിക്കുന്ന ഒരു പരാമർശം പോലും ചിത്രത്തിലില്ലെന്നും ഭീകരതയ്‌ക്കെതിരെയാണ് സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ലൗ ജിഹാദിനെപ്പറ്റിയല്ല പറയുന്നത്. പ്രണയം നടിച്ച് പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്നതിനെതിരെ മാത്രമാണ് പരാമർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ സർട്ടിഫിക്കറ്റോടെയാണ് സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയതെന്ന് നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ നേരത്തെ അറിയിച്ചിരുന്നു. സംഭാഷണങ്ങളിലടക്കം പത്ത് സീനുകളിൽ മാറ്റം വരുത്താനും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.