മോദിയുടേത് ഹിറ്റ്‌ലർ ഭരണം: ബിനോയ് വിശ്വം

Wednesday 03 May 2023 12:31 AM IST

തൃശൂർ: 1940കളിലെ അഡോൾഫ് ഹിറ്റ്‌ലറിന്റെ ഭരണത്തിന് സമാനമാണ് ഇന്ത്യയിലെ മോദി സർക്കാർ ഭരണമെന്ന് ബിനോയ് വിശ്വം എം.പി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജനാധിപത്യ ഇന്ത്യയുടെ ഭാവി എന്ന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലർ അധികാരത്തിലെത്തിയതും ഇതേ രീതിയിലാണ്. ചരിത്രം വായിക്കുമ്പോൾ ഇവ തമ്മിൽ അസാധാരണമായ സാദൃശ്യമാണുള്ളത്. ഇന്ത്യ പോലെ വിഭിന്നങ്ങളായ സാംസ്‌കാരിക ധാരകളും ആശയങ്ങളും നിലപാടുകളിലെ വൈവിദ്ധ്യങ്ങളും നിലനിൽക്കുന്ന ഒരു രാജ്യത്ത് ഈ ഏകാധിപത്യത്തിന്റെ രാഷ്ട്രീയവും ക്രൗര്യവും നിറഞ്ഞ സമീപനം അനുവദിക്കാനാകില്ല. ജനങ്ങൾക്ക് നിർഭയമായി സംസാരിക്കാനും പ്രതിപക്ഷത്തിന് ഭയരഹിതമായി ഉത്തരവാദിത്തം നിർവഹിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി പുതിയ പോരാട്ടങ്ങൾക്ക് തയ്യാറെടുക്കണം. 2024 ലെ തിരഞ്ഞെടുപ്പ് ഭാവി ഇന്ത്യയുടെ നിലനിൽപ്പ് നിർണ്ണയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.