പ്രൗഡഗംഭീരം; അർജുൻ അശോകന്റെ 'ഖജുരാഹോ ഡ്രീംസിന്റെ' ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

Wednesday 03 May 2023 9:35 AM IST

അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഖജുരാഹോ ഡ്രീംസിന്റെ' ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ലുലു മാളിൽവച്ചായിരുന്നു ചടങ്ങ് നടന്നത്. അർജുൻ അശോകൻ, സംഗീത സംവിധായകൻ ഗോപി സുന്ദർ, സംവിധായകൻ മനോജ് വാസുദേവ്, പ്രൊഡ്യൂസർ എം.കെ നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മനോജ് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഖജുരാഹോ ഡ്രീംസ്'. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചർച്ച ചെയ്യുന്നുണ്ട്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്ധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് സിനിമ പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവർ നടത്തുന്ന റോഡ് ട്രിപ്പുമാണ് പ്രധാന പ്രമേയം.

സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികൾ. കലാസംവിധാനം: മോഹൻ ദാസ്, മേക്കപ്പ് , കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തൈക്കൽ. പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ. പി.ആർ.ഒ: ആതിര ദിൽജിത്ത്, ഫോട്ടോ: ശ്രീജിത്ത് ചെട്ടിപ്പിടി.