തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ്; കോൺഗ്രസ്  നേതാവിന്റെ  സഹോദരന്റെ  വസതിയിൽ  നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ, പണം ഒളിപ്പിച്ച സ്ഥലം ഇതാണ്,​ വീഡിയോ

Wednesday 03 May 2023 6:12 PM IST

ബംഗളൂരു: കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ പിടിച്ചെടുത്തു. മരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കർണാടക കോൺഗ്രസ് നേതാവ് അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ മെെസൂരിലെ വീട്ടിലാണ് റെയ്ഡ് നടന്നത്.

മരത്തിന്റെ മുകളിൽ കെട്ടുകളാക്കി വച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുത്തൂ‌ർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അശോക് കുമാർ റായി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് സംസ്ഥാനത്ത് നടത്തിയ റെയ്ഡിൽ ഇതുവരെ 110 കോടി രൂപ പിടിച്ചെടുത്തുവെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 2346 കേസുകൾ രജിസ്റ്റ‌ർ ചെയ്തതായും അദ്ദേഹം പറഞ്ഞു. മേയ് പത്തിനാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മേയ് 13ന് ഫലം പ്രഖ്യാപിക്കും.