നൃത്തോത്സവം നാളെ മുതൽ

Wednesday 03 May 2023 11:39 PM IST
നൃത്തം

കണ്ണൂർ: ഇന്ത്യ ഡാൻസ് അലയൻസും ആൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷനും സംയുക്തമായി അഞ്ചു മുതൽ ഏഴുവരെ കണ്ണൂരിൽ നൃത്തോത്സവം സംഘടിപ്പിക്കും. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസി, സെമിക്ലാസിക്കൽ, വെസ്റ്റേൺ എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ നർത്തകി ഷൈജ ബിനീഷും ഭർത്താവ് ബിനീഷ് കിരണും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ ആറു മുതൽ ജൂനിയർ, സീനിയർ, ഓപ്പൺ വിഭാഗങ്ങളിലാണ് മത്സരം. 230 ഓളം പേർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കും. പ്രവേശനം സൗജന്യമായിരിക്കും. മത്സരത്തിനിടെ അഞ്ചിന് വൈകീട്ട് അമേരിക്കയിൽ താമസിക്കുന്ന ഡോ. സുനന്ദ നായരുടെ മോഹിനിയാട്ടം, രുചികൃഷ്ണ (ചെന്നൈ) കുച്ചുപ്പുടി എന്നിവ ഉണ്ടായിരിക്കും. ആറിന് വൈകീട്ട് പൂർവ ധനശ്രീ (ഡൽഹി)യുടെ വിലാസിനി നാട്യം, മഞ്ജു വി നായർ (മലപ്പുറം) ഭരതനാട്യം. ഏഴിന് മുംബായിലെ നിഷ മംഗലപ്പള്ളി, ജിഷ് ദാമോദരൻ എന്നിവരുടെ ഭരതനാട്യവും ചെന്നൈയിലെ സായികൃപയുടെ ഭരതനാട്യവും അരങ്ങേറും.