ഞാൻ പൊലീസ്, ഭർത്താവ് ഡ്രൈവർ: 'പൊലീസുകാരി'യായ അശ്വതി കൃഷ്ണ ചിലപ്പോൾ സീരിയൽ നടിയുമാവും, രണ്ടായാലും മുങ്ങുന്നത് ലക്ഷങ്ങളുമായി

Thursday 04 May 2023 10:28 AM IST

വിഴിഞ്ഞം: പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതി പിടിയിൽ.വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് അറസ്റ്റ് ചെയ്തത്.മേനംകുളം സ്വദേശിനിയും ഇപ്പോൾ കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടിൽ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്.

ഭർത്താവുമായി അകന്ന് കഴിയുന്ന പ്രതി വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസാണെന്നും ഭർത്താവ് പൊലീസ് ഡ്രൈവറാണെന്നുമാണ് പലരെയും വിശ്വസിപ്പിച്ചിരുന്നതെന്നും സമീപത്തെ സ്കൂളിലെ എസ്.പി.സി പരിശീലനത്തിനിടെ പൊലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും കാണിച്ച് വിശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.എന്നാൽ കുറച്ചുപേരോട് സീരിയൽ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്.

ആൾമാറാട്ടം നടത്തിയതിനും വഞ്ചനാക്കുറ്റത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്‌ദാനം നൽകിയും വീട് വയ്ക്കാൻ ലോൺ ഏർപ്പാടാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം നവംബർ മുതൽ ജനുവരി വരെ തവണകളായി പരാതിക്കാരിയിൽ നിന്നും ഭർത്താവിൽ നിന്നും ഗൂഗിൾ പേ വഴി 1,60,,000 രൂപ തട്ടിച്ചുവെന്നാണ് പരാതി. 7 ലക്ഷം രൂപയുടെ ലോൺ പാസായെന്നു പറഞ്ഞ് വ്യാജ ചെക്ക് നൽകി വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തു.പണമില്ലാതെ ചെക്ക് മടങ്ങിയതോടെ കബളിപ്പിക്കലിന് ഇരയായെന്ന് മനസിലാക്കി വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.