കൊല്ലത്ത് ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു; കൊലപാതകം കുടുംബവഴക്കിനിടെ
കൊല്ലം: കടയ്‌ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്‌ക്കൽ വെള്ളാർവട്ടം സ്വദേശി സജു(39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. വഴക്കിനിടെ പ്രിയങ്ക മൺവെട്ടികൊണ്ട് സജുവിനെ അടിക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി സജുവും പ്രിയങ്കയും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് വെെകീട്ടോടെ പ്രിയങ്കയും രണ്ട് ആൺ മക്കളും അമ്മയും കഴിയുന്ന വാടക വീട്ടിലേയ്ക്ക് സജു എത്തിയിരുന്നു. തുടർന്ന് അവിടെ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്കിനിടയിൽ വീട്ടിലുണ്ടായിരുന്ന മൺവെട്ടിയുടെ കെെ ഉപയോഗിച്ച് പ്രിയങ്ക സജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് അടിയേറ്റ് വീണ സജു സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. കൊലപാതക വിവരം പൊലീസിനെ വിളിച്ചറിയിച്ചത് ഭാര്യ തന്നെയാണ്. പിന്നാലെ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.