അതിർത്തിയിൽ സമാധാനം നിലനിറുത്തണം,​ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

Thursday 04 May 2023 10:11 PM IST

പനാജി : ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്വിൻ ഗാങ് ഗോവയിൽ എത്തിയതിന് പിന്നാലെയാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടന്നത്. ലഡാക്ക് അടക്കമുള്ള അതിർത്തി വിഷയങ്ങൾ ചർച്ച ചെയ്തവയിൽ പെടുന്നു.

ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് ജയശങ്കർ ട്വീറ്റ് ചെയ്തു.

രണ്ടുമാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇരു വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തുന്നത്. ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഗാങും ജയശങ്കറുമായി ചർച്ച നടന്നിരുന്നു. റഷ്യൻ വിദേശകാര്യമന്ത്രിയുമായും ജയശങ്കർ ചർച്ച നടത്തി. യോഗത്തിൽ പങ്കെടുക്കാൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും ഗോവയിലെത്തിയിട്ടുണ്ട്.