പറമ്പിക്കുളം - ആളിയാർ കരാറുകൾ ജലരേഖ, വെള്ളം തരാതെ തമിഴ്നാട്

Friday 05 May 2023 12:00 AM IST

മുല്ലപ്പെരിയാറിന് പിന്നാലെ പറമ്പിക്കുളം - ആളിയാർ പദ്ധതി കരാറിലും കേരളത്തോടുള്ള തമിഴ്നാടിന്റെ അവഗണന തുടരുന്നു. പദ്ധതി പ്രകാരം ഏപ്രിൽ മുതൽ കേരളത്തിന് തീരെ വെള്ളം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബർ 16 മുതൽ ജനുവരി 31 വരയുള്ള ഒന്നര മാസത്തിനിടയിൽ നൽകേണ്ട വെള്ളത്തിന്റെ അളവിലും തമിഴ്നാട് ഗണ്യമായ കുറവ് വരുത്തിയിരുന്നു. കരാർ പ്രകാരം ഈ കാലയളവിൽ 175 കോടി ഘനയടി വെള്ളം നൽകേണ്ടതുള്ളപ്പോൾ 75 കോടി ഘനയടി മാത്രമാണ് നൽകിയത്. ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് പാലക്കാട്, ചിറ്റൂർ മേഖലകളിലെ നെൽകൃഷിയുടെ ഭാവി. വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായും ഉണങ്ങുകയും കേരളത്തിന് വൻ നഷ്ടം സംഭവിക്കുകയും ചെയ്യും. തുലാവർഷവും വേനൽ മഴയും ദുർബലമായതിനാൽ ഈ പദ്ധതികളിൽ വെള്ളം കുറവാണെന്നാണ് കരാർ ലംഘനത്തിന് തമിഴ്നാട് പറയുന്ന ന്യായം. എന്നാൽ, തമിഴ്നാടിന് ആവശ്യമുള്ള വെള്ളം മുടക്കം കൂടാതെ ഇവിടെ നിന്ന് കൊണ്ടുപോകുന്നു എന്നതും അതീവ ഗൗരവമുള്ളതാണ്.

1825 അടി സംഭരണ ശേഷിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ നിലവിൽ 1766.66 അടി വെള്ളം മാത്രമാണുള്ളത്. 1770 അടി സംഭരണ ശേഷിയുള്ള തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിൽ 1763.18 അടി വെള്ളവുമുണ്ട്. 1050 അടി സംഭരണ ശേഷിയുള്ള ആളിയാർ അണക്കെട്ടിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ ജലനിരപ്പ് 998.2 അടിയാണ്. പറമ്പിക്കുളം - ആളിയാർ കരാർ പ്രകാരം ശുദ്ധജലത്തിനായി 75 ക്യുസെക്സ് വെള്ളമാണു മണക്കടവ് വിയർ വഴി കേരളത്തിന് ലഭിക്കേണ്ടത്. മേയ് 15നു ശേഷം ഒന്നാം വിള നെൽക്കൃഷിയുടെ പ്രാരംഭ പ്രവൃത്തികൾക്കായി 400 ക്യുസെക്സ് വെള്ളവും ലഭിക്കണം. പുതിയ സാഹചര്യത്തിൽ ഇതിന് തടസമുണ്ടായാൽ പാലക്കാട് ജില്ലയിലെ ശുദ്ധജല വിതരണവും ഒന്നാം വിളയുടെ ഒരുക്കവുമെല്ലാം പാടെ പ്രതിസന്ധിയിലാകും. ചിറ്റൂർ മേഖലയിലെ കൃഷിക്ക് പറമ്പിക്കുളം - ആളിയാർ കരാർ പ്രകാരം യഥാസമയം വെള്ളം ലഭിക്കേണ്ടത് അത്യാവശ്യമാണ്. പറമ്പിക്കുളം അണക്കെട്ടിൽ വെള്ളം ഇല്ലെങ്കിലും തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിലെ വെള്ളം ആളിയാറിലെത്തിച്ചു യഥാസമയത്തു സംസ്ഥാനത്തിന് വെള്ളം ലഭ്യമാക്കാനുള്ള നീക്കങ്ങൾ ജലസേചന വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം ആശങ്കയിൽ

വേനൽ കനത്ത സാഹചര്യത്തിൽ ആളിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് കേരളത്തിനു നൽകിവരുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ ഭാരതപ്പുഴയോരത്തെ കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം കടുത്ത ആശങ്കയിലാണ്. പറമ്പിക്കുളം - ആളിയാർ കരാർപ്രകാരം ആളിയാർ അണക്കെട്ടിൽ നിന്ന് കേരളം ആവശ്യപ്പെട്ടത് 75 ക്യുസെക്സ് ജലമാണ്. എന്നാൽ, പകുതിമാത്രമാണ് തമിഴ്നാട് വിട്ടുനൽകിയത്. ആളിയാർ അണക്കെട്ടിൽ ജലനിരപ്പ് കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞതാണ് ജലവിതരണത്തെ ബാധിക്കുന്നതെന്ന് തമിഴ്നാട് വ്യക്തമാക്കുന്നു.

വേനലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആളിയാർ അണക്കെട്ട് നിറയ്ക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയിൽ കേരളം കത്തുനൽകിയെങ്കിലും തമിഴ്നാട് അധികൃതർ ഇത് അവഗണിച്ചു. പറമ്പിക്കുളത്തെ ജലനിരപ്പ് കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആളിയാർ ഫീഡർ കനാൽവഴി അധികജലം ആളിയാർ അണക്കെട്ടിലെത്തിക്കുന്നതിൽ തമിഴ്നാട് നിയന്ത്രണമേർപ്പെടുത്തിയത്. ഷട്ടർ തകരാറായതിനാൽ വലിയതോതിൽ ജലം നഷ്ടപ്പെട്ടതാണ് പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് കുറയാനിടയാക്കിയതെന്നാണ് തമിഴ്നാട് അധികൃതരുടെ വാദം.

പറമ്പിക്കുളത്ത് വെള്ളം കുറവാണെങ്കിലും കേരളം ആവശ്യപ്പെട്ടാൽ ചിറ്റൂർപ്പുഴവഴി ഭാരതപ്പുഴയിലേക്ക് ജലം വിട്ടുനൽകുന്ന ഫീഡർ അണക്കെട്ടായ ആളിയാർ നിറയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിൽ നിന്ന് തമിഴ്നാട് പിന്നോട്ടുപോകുമ്പോൾ ജലസേചന വകുപ്പിൽ നിന്നോ അന്തർസംസ്ഥാന ജലവിതരണത്തിന്റെ നിയന്ത്രണച്ചുമതലയുള്ള സംയുക്ത ജലക്രമീകരണ ബോർഡിൽ നിന്നോ ശക്തമായ നടപടിയുണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്.

ഏപ്രിൽ, മേയ് മാസങ്ങളിൽ നെൽക്കൃഷിക്കായി കേരളം ആളിയാറിൽ നിന്ന് ജലം ആവശ്യപ്പെടാറില്ല. പകരം കുടിവെള്ളത്തിനാണ് ആവശ്യപ്പെടുന്നത്. കേരള അതിർത്തിയായ മൂലത്തറ മുതൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 75 ലേറെ വലുതും ചെറുതുമായ കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്നത് ആളിയാറിൽ നിന്നുള്ള വെള്ളത്തെയാണ്.

കനത്ത ചൂടിൽ ഭാരതപ്പുഴയോരത്തെ മിക്ക തടയണകളിലും ജലം വറ്റിയ നിലയിലാണ്. ഭാരതപ്പുഴയോരത്തെ പല പഞ്ചായത്തുകളിലും ജലവിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുമുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട അധികൃതർ തമ്മിൽ കൂടിയാലോചിച്ച് കേരളത്തിന് അവകാശപ്പെട്ട വെള്ളം അനുവദിക്കാൻ നടപടിയെടുക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

 മദ്യനിർമ്മാണത്തിനായി വെള്ളം ചോർത്തുന്നു

ആളിയാർ ഡാമിൽ നിന്ന് കേരളത്തിലേക്ക് വെള്ളം എത്തിക്കുന്ന ആനമല പുഴയിൽ നിന്ന് മദ്യനിർമ്മാണത്തിനായി വൻതോതിൽ വെള്ളം ചോർത്തുന്നു. തമിഴ്‌നാട്ടിലെ സ്വകാര്യ മദ്യനിർമ്മാണ ശാലയിലേക്കാണ് ഇവിടെ നിന്ന് വെള്ളം കടത്തുന്നത്. ആനമല നഗരത്തോട് ചേർന്നൊഴുകുന്ന പുഴയിൽ നിന്ന് വലിയ പൈപ്പുകൾ സ്ഥാപിച്ച് ഉടയകുളം - വെപ്പേരി റോഡരികിലെ സ്വകാര്യവ്യക്തിയുടെ ഒന്നര ഏക്കർ സ്ഥലത്ത് കുളംകുഴിച്ച് വെള്ളം ശേഖരിച്ചാണ് മദ്യ നിർമ്മാണത്തിനായി കൊണ്ടുപോകുന്നത്. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെ പെരിയപോതിലാണ് മദ്യനിർമ്മാണ ശാല പ്രവർത്തിക്കുന്നത്. പറമ്പിക്കുളത്തേക്ക് പോകുന്ന പ്രധാനറോഡ് വെട്ടിപ്പൊളിച്ച് 10 ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് 240 എച്ച്.പി മോട്ടോറിന്റെ സഹായത്തോടെയാണ് വെള്ളം കടത്തുന്നത്. കേരളത്തിലേക്ക് വെള്ളം തുറന്നുവിടുന്ന മണക്കടവിലേക്ക് ഇവിടെ നിന്ന് അഞ്ചു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ.

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നതിനാൽ ഇത്തവണ കേരളത്തിന് ആവശ്യമായ വെള്ളം ആളിയാറിൽ നിന്നു നൽകാൻ കഴിയില്ലെന്ന് തമിഴ്‌നാട് അന്തർസംസ്ഥാന ജല ക്രമീകരണ ബോർഡിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് വിടുന്ന വെള്ളം കൂറ്റൻ മോട്ടോറുകൾ സ്ഥാപിച്ച് സ്വകാര്യവ്യക്തി കാർഷികേതര ആവശ്യത്തിനായി ചോർത്തുന്നത്. ഇതും കേരളത്തിന് കിട്ടേണ്ട വെള്ളത്തിൽ വലിയ കുറവുവരുത്താൻ ഇടയാക്കുന്നുണ്ട്.

കേരളത്തിലെ 25,000 ഏക്കർ സ്ഥലത്തെ കൃഷിക്ക് ഉപയോഗിക്കേണ്ട വെള്ളത്തിൽ കുറവ് വരുത്താൻ ശ്രമിക്കുന്ന തമിഴ്‌നാട്, വെള്ളം ചോർത്തലിൽ മൗനം പാലിക്കുകയാണ്. കേരളത്തിലെ ഉദ്യോഗസ്ഥരും സംഭവം അറിഞ്ഞമട്ടില്ല. ഇൗ വിഷയത്തിൽ മൗനം തുടരുന്ന കേരളത്തിലെ ഉദ്യോഗസ്ഥർ അത് അവസാനിപ്പിക്കണം. സംസ്ഥാനത്തെ കർഷകരുടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ച് കേരളത്തിന് ന്യായമായും ലഭിക്കേണ്ട വെള്ളം നേടിയെടുക്കാൻ പരിശ്രമിക്കണം.