അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി; സുഹൃത്ത് അറസ്റ്റിൽ

Friday 05 May 2023 7:39 AM IST

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൃതദേഹം കഷണങ്ങളാക്കിയതായും റിപ്പോർട്ടുണ്ട്.

അഖിൽ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേളാണ് ആതിര. അഖിലും ഇതേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്. യുവതിയെ കഴിഞ്ഞ മാസം 29 മുതലാണ് കാണാതായത്. തുടർന്ന് ഭർത്താവ് കാലടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആതിര അഖിലിനെ നിരവധി തവണ വിളിച്ചതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുമ്പൂർമുഴി വനത്തിൽ പരിശോധന നടത്തുകയായിരുന്നു.