പുത്തൻ ദൃശ്യാനുഭവം

Saturday 06 May 2023 2:02 AM IST

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ഭീകരതയും ഇരകളായവരുടെ നടുക്കുന്ന ഓർമ്മകളും നിറഞ്ഞ 2018 മികച്ച കലാസൃഷ്ടി എന്ന് അടയാളപ്പെടുത്തുന്നു. കേരള ജനതയോടുള്ള ഉത്തരവാദിത്വം കൂടി സംവിധായകൻ ജൂഡ് അന്തോണി ജോസഫ് നിർവഹിച്ചുവെന്ന് സിനിമ കാണുമ്പോൾ ഓരോ പ്രേക്ഷകനും ബോദ്ധ്യമാകും. പ്രളയബാധിതരല്ലാത്ത മനുഷ്യർ കുറവാണ്.

അതിനാൽ സിനിമ ചർച്ച ചെയ്യുന്ന വിഷയം ഒരു നടുക്കമായി മനസിൽ കുരുങ്ങി കിടക്കുന്നു. മൂന്നര വർഷത്തോളം ഒരു സ്വപ്നത്തിന് പിന്നാലെ ഉൗർജ്ജവും സമയവും ചെലവഴിച്ച് ഒടുവിൽ സ്വപ്ന സാക്ഷാത്കാരാം നേടിയതിൽ ജൂഡ് എന്ന സംവിധായകന് അഭിമാനിക്കാം.മഴയുടെ നിഷ്കളങ്ക സൗന്ദര്യം ഭീകരതയിലേക്ക് കൂടുവിട്ട് കൂടു മാറുന്ന രംഗങ്ങളിലെ പശ്ചാത്തല സം

ഗീതം ആസ്വാദകരുടെ ഉള്ളിൽ തീ കോരിയിടുന്നു. ഗ്രാഫിക്സ് വിഭാഗം ആണ് കൈയടി നേടുന്നതിൽ മുന്നിൽ. ഓരോരുത്തരും നായകൻമാരാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.എങ്കിലും പ്രകടനത്തിൽ ടൊവിനോ തോമസ് മുന്നിട്ടു നിൽക്കുന്നു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരേൻ, ഇന്ദ്രൻസ്, സുധീഷ്, അജു വർഗീസ്, ഡോ. റോണി, അപർണ ബാലമുരളി, ശിവദ, വിനിത കോശി, തൻവിറാം, ഗൗതമി നായർ തുടങ്ങിയവരോടൊപ്പം ജൂഡിനെയും സ്ക്രീനിൽ കാണാം.

കെട്ടുറപ്പുള്ള തിരക്കഥയാണ് 2018 ന്റെ കരുത്ത്. അഖിൽ പി. ധർമ്മജൻ ആണ് തിരക്കഥ ഒരുക്കിയത്.

പ്രയളത്തിന്റെ ഭീകരതയെ കൃത്യമായി തന്നെ ഛായാഗ്രാഹകൻ അഖിൽ ജോർജ് ഒപ്പിയെടുത്തിട്ടുണ്ട്. കാവ്യ ഫിലിംസ് , പി.കെ. പ്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ പദ്മകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.2018 ന് ധൈര്യമായി ടിക്കറ്റ് എടുക്കാം. കാരണം, ഇത് ഒരോ മലയാളിയുടെയും അതിജീവനത്തിന്റെ കഥയാണ്.