എ.ഐ കാലത്തെ പാർട്ടികൾ
കുറ്റവാളികളെ കൈയോടെ പിടികൂടുന്ന ക്യാമറകളുടെ പേരിൽ കുത്തിത്തിരിപ്പുണ്ടാക്കി സംസ്ഥാന ഭരണം അട്ടിമറിക്കാനാണ് കോൺഗ്രസുകാരുടെ പുറപ്പാട്. പുറത്തിറങ്ങി രഹസ്യമായി ചെയ്യുന്ന കുസൃതികൾ മാത്രമല്ല, മനസിലിരിപ്പ് വരെ നിമിഷങ്ങൾക്കകം ഗണിച്ച് കണ്ടെത്താൻ കഴിയുന്ന നിർമ്മിതബുദ്ധി (എ.ഐ) ക്യാമറകളെ കോൺഗ്രസുകാർ പേടിക്കുന്നത് സ്വാഭാവികം. ആദ്യഘട്ടത്തിൽ റോഡുകളിലും മൂന്നാം പിണറായി സർക്കാരിന്റെ കാലത്ത് സകല വീടുകളുടെ മുന്നിലും ക്യാമറ വയ്ക്കാനാണ് പരിപാടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതികവിദ്യയിലൂടെ വീട്ടിലെയും നാട്ടിലെയും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുള്ള ഏക്‌ഷൻ പ്ലാൻ അമേരിക്കയിൽ വരെ ചർച്ചയായിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ അത്രയും വരില്ലെങ്കിലും ശാസ്ത്രസാങ്കേതികവിദ്യയിൽ കുറച്ചൊക്കെ പിടിപാടുള്ളതിനാൽ പരിവാറുകാർക്ക് പദ്ധതിയോട് അത്ര എതിർപ്പില്ല. നാട്ടുകാരെ കേൾപ്പിക്കാൻ മൈക്കിൽക്കൂടി എന്തെങ്കിലുമൊക്കെ വിളിച്ചുപറയുമെങ്കിലും സുരേന്ദ്രൻജി പാവാണ്. എന്തൊക്കെ പറഞ്ഞാലും, കമ്മ്യൂണിസ്റ്റുകാരുടെ നല്ലമനസ് കാണുന്നവരാണ് പരിവാർ സഖാക്കൾ. അടിയന്തരാവസ്ഥക്കാലത്ത് കമ്മ്യൂണിസ്റ്റുകാർക്കൊപ്പം ജയിലിൽ കിടന്ന് ഒരുപാട് അടിയും തൊഴിയും ഉരുട്ടലും സഹിച്ചവരാണ് പരിവാറുകാർ. ഇടിയൻ പൊലീസുകാർ ഇഞ്ചപ്പരുവത്തിലാക്കിയ സഖാക്കളും അന്നത്തെ ജനസംഘക്കാരായ പരിവാറുകാരും ചോരതുപ്പിക്കൊണ്ട് കെട്ടിപ്പിടിച്ചു കരയുകയും നടവുതിരുമ്മുകയും ചെയ്ത ആ കാലം, ഹോ ടെറിബിൾ!. അന്ന് അതുകണ്ട് അട്ടഹസിച്ച കശ്മലൻമാരാണ് കോൺഗ്രസുകാർ. 'ഖദർ പീപ്പിൾസ് വെരി വെരി ഡെയ്ഞ്ചർ" എന്ന് ജയിലിൽ നിന്നിറങ്ങിയ സഖാക്കളും ജനസംഘക്കാരും പരസ്പരം താങ്ങിനിന്ന് നിലവിളി ശബ്ദത്തിൽ പറഞ്ഞത് ചൈനീസ്, സോവിയറ്റ് പാർട്ടി രേഖകളിൽവരെയുണ്ട്. കാര്യത്തോടടുക്കുമ്പോൾ ആ സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവുമില്ല.
വെള്ളപ്പൊക്കം തടയാനുള്ള വലിയ സൂത്രങ്ങൾ നെതർലൻഡ്‌സിൽ പോയി പഠിച്ചിട്ട് മുഖ്യമന്ത്രിയും കുടുംബവും ബന്ധുക്കളും മടങ്ങുമ്പോൾ, പെട്ടെന്ന് പിള്ളേർക്കൊരു മോഹം; ദുബായ് ലേബർ ക്യാമ്പുകളിലെ പാവപ്പെട്ട സഖാക്കളുടെ ഒപ്പമിരുന്ന് ഊണുകഴിക്കണം. അങ്ങനെ ദുബായിൽ ഇറങ്ങി സഖാക്കളുടെ അടുത്തേക്ക് പോകുമ്പോഴാണ് എഐ ക്യാമറ എന്ന വിദ്വാനെ ആദ്യമായി പരിചയപ്പെട്ടത്. പൊടിക്കട്ടനും പരിപ്പുവടയും കഴിക്കാൻ ബുർജ് ഖലീഫയുടെ അരികത്തുള്ള ഒരു പീടികയുടെ മുന്നിൽ കാർ നിർത്തിയപ്പോൾ തൊട്ടടുത്തൊരു നീളൻ കമ്പിയുടെ തുഞ്ചത്തിരിക്കുന്നു, ഇടയ്ക്കിടെ തലയാട്ടുകയും സൈറ്റടിക്കുകയും ചെയ്യുന്ന ക്യാമറ!. ഇവനാളു നിസ്സാരനല്ലെന്നും മനസ്സിലുള്ളതു മുഴുവൻ പടമാക്കി വേണ്ടപ്പെട്ടവരെ അറിയിക്കുന്ന ഭീകരനാണെന്നും പിള്ളേരാണ് പറഞ്ഞുതന്നത്. എന്നാൽപ്പിന്നെ കുറേ ക്യാമറകൾ വാങ്ങി നാട്ടിലും കെട്ടിത്തൂക്കാൻ അപ്പോഴേ ഏർപ്പാടാക്കി. ശുഭസ്യ ശീഘ്രം എന്നതാണ് കമ്മ്യൂണിസ്റ്റ് പ്രമാണം.
അമേരിക്കയിൽ നിന്ന് ക്യാമറകൾ ഇറക്കുമതി ചെയ്യാമായിരുന്നെങ്കിലും ചെലവു കുറയ്ക്കാനാണ് അതിലും നല്ലത് നിസ്സാര കാശിന് വാങ്ങാൻ ഏർപ്പാടാക്കിയത്. ഇതിന് അദാനിയെയോ മറ്റ് ഭീകരമുതലാളിമാരെയോ സർക്കാർ ആശ്രയിച്ചില്ല. പകരം, ഈ രംഗത്ത് അതിവിദഗ്ദ്ധനായ ഒരാളെ കണ്ടെത്തി കാര്യങ്ങൾ ഏൽപിച്ചു. അത്രയേ ചെയ്തുള്ളൂ. അപ്പോഴാണ് കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ചില ദുഷ്ടന്മാരുടെ നീക്കം. ചുമതലപ്പെടുത്തിയ കക്ഷി മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛനാണത്രേ. എല്ലാ ഭാരതീയരും സഹോദരീസഹോദരന്മാരായ നാട്ടിൽ എങ്ങനെ നോക്കിയാലും ചില ബന്ധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ഒരേ ഹോട്ടലിലോ പഞ്ചായത്തിലോ ഒരുമിച്ച് താമസിച്ചാൽ പോലും ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്ന വിദഗ്ദ്ധന്മാരാണ് നാടെങ്ങും. ഈ നാട് ഒരിക്കലും നന്നാകരുത് എന്ന് ചിന്തിക്കുന്നത് കഷ്ടമാണ്. കുത്തിത്തിരിപ്പുകാർ ആരൊക്കെയാണെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വൈകാതെ നടപടി പ്രതീക്ഷിക്കാം.
കുടയില്ലാത്ത
ക്യാമറയ്ക്ക്
കൂട്ടിനൊരു കുട്ട അരിക്കൊമ്പൻ അരിയാണു വാരുന്നതെങ്കിൽ കേരളത്തിലെ വിപ്ലവക്കൊമ്പൻ നാടിനെ മൊത്തം വാരിവിഴുങ്ങുകയാണെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ ഗാന്ധിയൻ സുധാകർജി പറയുന്നത്. വാഗ്ദാനങ്ങളൊന്നും നടപ്പാക്കില്ലെന്നും ബ്രണ്ണൻ കഥകളിലെ നായകനും ശിക്കാരി ശംഭുവും ഒരുപോലെയാണെന്നുമാണ് കണ്ണൂർ ഫയൽവാനായ സുധാകരന്റെ ആക്ഷേപം. അരങ്ങിൽ തമ്മിലടിച്ച് നാട്ടുകാരെ പറ്റിക്കുന്ന പരിവാറുകാരും സഖാക്കളും അണിയറയിൽ ഭായിമാരായി കെ.എഫ്.സിയും കൊക്കക്കോളയും കുടിച്ച് ജാളിയടിക്കുകയാണെന്നും അദ്ദേഹം പറയുന്നതിൽ കാര്യമില്ലാതില്ല. കർണാടകം കോൺഗ്രസുകാർ പിടിച്ചെടുക്കുന്നതോടെ ഈ കൂട്ടുകച്ചവടം പൊളിയുമെന്നും സുധാകർജി പ്രവചിച്ചിട്ടുണ്ട്. ബി.ജെ.പി-കമ്മ്യൂണിസ്റ്റ് മുക്ത ദക്ഷിണേന്ത്യ എന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. ക്യാമറമുക്ത കേരളം എന്നതാണ് അടുത്ത മുദ്രാവാക്യം. കേരളത്തിലെ പെരുമഴയിൽ നനഞ്ഞ് സകല ക്യാമറകളും അടിച്ചുപോകുമെന്ന സത്യം മറച്ചുവച്ചുള്ള സഖാക്കളുടെ കലാപരിപാടി കോൺഗ്രസുകാർക്ക് പിടികിട്ടി. ഇത്തരം ക്യാമറകൾ വരുന്നതോടെ പൊലീസുകാർ, ജ്യോത്സ്യന്മാർ എന്നിങ്ങനെ ജനങ്ങളുമായി നേരിട്ടിടപെടുന്ന തൊഴിൽ മേഖലയിലുള്ളവരുടെ കീശകാലിയാകും. താത്വികമായി പറയുകയാണെങ്കിൽ, ക്യാമറയിലൂടെ വ്യക്തികളുടെ രഹസ്യങ്ങളിലേക്കുള്ള എത്തിനോട്ടം ശരിയല്ലതാനും. നിയമലംഘനങ്ങളുണ്ടായാലേ പിഴകളിലൂടെ കാശ് വന്ന് ഖജനാവ് നിറയൂ. ചതുപ്പായ എറണാകുളത്ത് ട്രെയിൻ ഓടിയാൽ കെട്ടിടങ്ങൾ കുലുങ്ങി നിലംപതിക്കുമെന്ന ദീർഘവീക്ഷണമുള്ള വെളിപാടിലൂടെ പണ്ട് ജനങ്ങളെ കോരിത്തരിപ്പിച്ച സഖാക്കൾ ഇപ്പോൾ തനി ബൂർഷ്വ കളായി. ചൈനയിൽ ഫുട്പാത്തിൽ വില്പനയ്ക്കുവച്ച ലൊട്ടുലൊടുക്ക് ക്യാമറകൾ കാശുകൊടുത്ത് വാങ്ങി കെൽട്രോണിന്റെ ലേബലൊട്ടിച്ച് പെരുമഴയുള്ള കേരളത്തിൽ സ്ഥാപിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ അടിച്ചുപോകുമെന്നാണ് കോൺഗ്രസ് സി.ഐ.ഡികളുടെ കണ്ടെത്തൽ. അങ്ങനെ ഇടയ്ക്കിടെ ക്യാമറകൾ വാങ്ങി കമ്മീഷൻ അടിയ്ക്കാനുള്ള പരിപാടിക്കെതിരെ 'കുട്ടസമര"വുമായി യൂത്ത് ലീഗുകാർ രംഗത്തിറങ്ങിക്കഴിഞ്ഞു. ക്യാമറകൾ കുട്ടകൊണ്ട് മൂടുന്ന കലാപരിപാടിയാണിത്. ആയിരക്കണക്കിനു കുട്ടകൾ വേണ്ടിവരുന്നതിനാൽ പരമ്പരാഗത തൊഴിലാളികൾക്ക് കുറേനാൾ പണികിട്ടുകയും ചെയ്യും. സമരത്തിലൂടെ സംരംഭം എന്ന നൂതന ആശയമാണിത്. യൂത്തന്മാർ കൂടി ചേരുന്നതോടെ ജോറാകും.
കർണാടകത്തിൽ
വോട്ടിനൊരു ദോശ
അടുക്കള നിറയെ ദോശ എന്ന ആശയത്തിലൂടെ കർണാടകത്തിലെ വീട്ടമ്മമാരുടെ മനംകവർന്ന് മുന്നേറുകയാണ് പ്രിയങ്കാജി. കല്ല് ചൂടായിക്കിടക്കുമ്പോൾ പരമാവധി ദോശചുടണമെന്ന വലിയ തത്വമാണ് പ്രിയങ്കാജി ലളിതമായി കോൺഗ്രസുകാരെ പഠിപ്പിച്ചത്.
പ്രചാരണത്തിനിടെ മൈസൂരുവിലെ ഒരു ഹോട്ടലിലെ അടുക്കളയിലേക്ക് ഓടിക്കയറി ദോശ ചുടുകയായിരുന്നു. ചൂടുകല്ലിൽ കൃത്യമായ അളവിൽ മാവൊഴിച്ച് പരത്തി മൊരുമൊരാന്നുള്ള ദോശ ചുട്ടെടുക്കുന്നതുകണ്ട് സകലരും കോരിത്തരിച്ചുപോയി. തിരക്കുകാരണം പാർട്ടിയിലെ കന്നഡസിംഹം ഡി.കെ.ശിവകുമാറിനു പോലും ചെറിയൊരു കഷണം ദോശയേ കിട്ടിയുള്ളൂ. രുചിയിലാണെങ്കിൽ കിടിലോൽക്കിടിലം. അതാണ് ഗാന്ധിയൻ കൈപ്പുണ്യം.
പൊട്ടുകടലയും തേങ്ങയും മല്ലിയിലയും അരച്ചു ചേർത്ത ചട്‌നി, മുള്ളങ്കി സാമ്പാർ, ഉഴുന്നുവട എന്നിവയൊക്കെ ഉണ്ടാക്കാൻ പ്രിയങ്കാജിക്ക് അറിയാമെങ്കിലും സമയക്കുറവ് കാരണം ദോശയിൽ ഒതുക്കുകയായിരുന്നു. രുചികരമായ ദോശ എങ്ങനെയുണ്ടാക്കാം എന്ന കൈപ്പുസ്തകത്തിന്റെ വിതരണം ഉടൻ ആരംഭിക്കും. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ വീട്ടമ്മമാർക്കും ദോശക്കല്ലും ചട്ടുകവും സൗജന്യമായി നല്കും. ഓരോ കവലയിലും ദോശക്കടകൾ തുടങ്ങാനും പദ്ധതിയുണ്ട്. അതേസമയം, പ്രിയങ്കാജി ചുട്ട ദോശ ലേശം കരിഞ്ഞുപോയെന്ന് പരിവാർ സി.ഐ.ഡിമാർ കണ്ടെത്തിയെങ്കിലും ഏറ്റില്ല.
ഇന്ദിരാജിയും നല്ല ദോശയുണ്ടാക്കുമായിരുന്നെന്നും ആ കൈപ്പുണ്യമാണ് കൊച്ചുമോൾക്ക് കിട്ടിയതെന്നും സീനിയർ കോൺഗ്രസുകാർ കണ്ടെത്തിക്കഴിഞ്ഞു. രാഹുൽജിയും പാചകത്തിൽ അതിവിദഗ്ദ്ധനാണെങ്കിലും സമോസയിലും ഉരുളക്കിഴങ്ങ് ബോണ്ടയിലുമാണ് സ്പെഷലൈസേഷൻ. അതേസമയം,
ദോശയ്ക്കു ബദലായി എന്ത് അവതരിപ്പിക്കും എന്ന ആശങ്കയിലാണ് ബി.ജെ.പിക്കാർ. കന്നഡിഗരുടെ പ്രിയപ്പെട്ട താരമായിരുന്ന അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയെ രംഗത്തിറക്കി റാഗി ഉണ്ട വിതരണം ചെയ്യാനുള്ള പദ്ധതി ആലോചനയിലാണെന്നാണു വിവരം. മലയാളിയുടെ മേശപ്പുറത്ത് കൊഴുക്കട്ടയ്ക്കുള്ള സ്ഥാനമാണ് മുദ്ദെ എന്ന റാഗിഉണ്ടയ്ക്ക് കർണാടകത്തിൽ ഉള്ളത്.
ജനതാദൾ നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡ, മകനും മുൻമുഖ്യമന്ത്രിയുമായ കുമാരസ്വാമി എന്നിവരുടെ പ്രിയപ്പെട്ട വിഭവമാണിത്. കുമാരസ്വാമിയുടെ മകൻ നിഖിലിനും ഇഷ്ടപ്പെടാനാണ് വഴി. സാമ്പാർ, മട്ടൻ കറി, ചട്നി എന്നിങ്ങനെ എന്തിന്റെ കൂടെയും ഈ ഉണ്ട കുഴച്ചടിക്കാം.
തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ റാഗിഉണ്ടയുടെ ബലത്തിൽ ദളുമായി സഖ്യമുണ്ടാക്കാനാകും എന്നാണ് പരിവാറുകാരുടെ പ്രതീക്ഷ. കോൺഗ്രസുകാരുടെ ദോശയും ബി.ജെ.പിക്കാരുടെ റാഗിഉണ്ടയും പൊരിഞ്ഞപോരാട്ടം നടത്തുന്ന ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ് കന്നഡ മക്കൾ.