ഖാർഗെയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ശ്രമമെന്ന് ആരോപണം; ബിജെപി സ്ഥാനാർത്ഥിയുടെ ശബ്‌ദസന്ദേശം പുറത്തുവിട്ട് കോൺഗ്രസ്

Saturday 06 May 2023 11:32 AM IST

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്. ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു. ചിറ്റാപുരിൽ നിന്നുള്ള ബിജെപി സ്ഥാർനാർത്ഥി മണികണ്ഠ റാത്തോഡിന്റെ ഭീഷണി സന്ദേശമാണ് ഇതെന്നാണ് ആരോപണം.

കർണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ബിജെപി സ്ഥാനാർത്ഥിയുടേതെന്ന് പറയപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവരുന്നത്. ഖാർഗെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് പറയുന്ന സന്ദേശത്തിൽ അസഭ്യ വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. 'ബിജെപി നേതാക്കൾ മല്ലികാർജുൻ ഖാർഗയേയും കുടുംബത്തേയും ഇല്ലാതാക്കാൻ അടിത്തറപാകുകയാണ്. ചിറ്റാപുരിലെ ബിജെപി സ്ഥാനാർഥി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും ഏറ്റവും അടുത്തയാളാണെന്ന് ഈ ശബ്ദ സന്ദേശത്തിൽ നിന്ന് വ്യക്തമാണ്' - കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല ആരോപിച്ചു.

ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ മത്സരിക്കുന്ന ചിറ്റാപുർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് മണികണ്ഠൻ റാത്തോഡ്. ഇയാൾക്കെതിരെ മുപ്പതിലേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.