വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ

Saturday 06 May 2023 4:53 PM IST

പത്തനംതിട്ട: വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. നൈജീരിയൻ സ്വദേശിയായ ഇസി ചിക്കുവാണ് അറസ്‌റ്റിലായത്. 26കാരനായ ഇയാളെ ഡൽഹിയിൽ നിന്നാണ് കോട്ടയം സൈബർ പൊലീസ് പിടികൂടിയത്.

2021ലാണ് കേസിനാസ്‌പദമായ സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇസി ചിക്കു 81 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ആഗസ്‌റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിൽ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു.തുടർന്ന് മുംബയ് കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയ്ക്ക് ഒരു ഫോൺ കോൾ ചെയ‌്തു.

നിങ്ങൾക്ക് യു.കെയിൽ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22000 രൂപ അടക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നൽകി. കെണിയിൽ വീണ വീട്ടമ്മ ഇയാൾ ആവശ്യപ്പെട്ട പണം കൈമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോൾ വരികയും ഇയാൾ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കൈമാറുകയും ചെയ്തു. അന്ന മോർഗൻ എന്ന യു.കെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചായിരുന്നു തട്ടിപ്പ്.

എന്നാൽ പിന്നീട് വീട്ടമ്മ പണം അയക്കാതിരുന്നതോടുകൂടി ഇവരുടെ സമ്മാനങ്ങൾ വിദേശത്തു നിന്ന് വന്നതാണെന്നും കൈപ്പറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാൾ വീണ്ടും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും, കൈയിൽ ഉണ്ടായിരുന്ന സ്വർണം വിറ്റും ഇവർ വീണ്ടും പണം അയച്ചു നൽകി.

ഒടുവിൽ 2022 ജൂലായിൽ വീട്ടമ്മ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിൽ പ്രതി തട്ടിപ്പ് നടത്തിയത് ഡൽഹിയിൽ നിന്നുമാണെന്ന് മനസിലായി. ഇയാളുടെ സഹായികളായി മറ്റാരെങ്കിലുമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Advertisement
Advertisement