സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലുള്ള ആശ്രമത്തിന്റെ മുൻഭാഗവും വാഹനങ്ങളും അഗ്നിക്കിരയാക്കിയ സംഭവത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയായ ശബരി എസ് നായരുടെ ജാമ്യാപേക്ഷ കോടതി 12-ന് പരിഗണിക്കും.
പി റ്റി പി നഗർ വാർഡ് കൗൺസിലറും ആർഎസ്എസിന്റെയും ബിജെപിയുടെയും തിരുവനന്തപുരം ജില്ലാ നേതാവുമായ ഗിരികുമാറാണ് പ്രതികൾക്ക് ആശ്രമം കത്തിക്കാൻ പ്രേരണ നൽകിയതും തെളിവ് നശിപ്പിക്കാൻ ഉൾപ്പെടെ സഹായിച്ചതുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. 2018-ലാണ് ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്. ശബരിമല സ്ത്രീപ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി പിന്തുണച്ചതിലുള്ള പ്രതിഷേധമാണ് ആശ്രമം കത്തിക്കലിന് ഇടയാക്കിയത്. ആശ്രമത്തിലേക്ക് ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ മാർച്ചിന് ഗിരികുമാറായിരുന്നു നേതൃത്വം നൽകിയിരുന്നത്.
അതേസമയം കേസിലെ ഒന്നാം പ്രതി പ്രകാശ് 2022 ജനുവരി മൂന്നിന് ആത്മഹത്യചെയ്തിരുന്നു. പ്രകാശിന്റെ ആത്മഹത്യയിൽ സഹോദരൻ പ്രശാന്ത് നൽകിയ പരാതി വിളപ്പിൽശാല പൊലീസ് അവഗണിച്ചിരുന്നു. മാദ്ധ്യമങ്ങൾ മുമ്പാകെ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ പ്രശാന്ത് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ആശ്രമം കത്തിക്കൽ കേസിൽ വഴിത്തിരിവായത്. തുടർന്ന് നിരവധി കേസുകളിൽ പ്രതിയായിരുന്ന ശബരിയെ പൊലീസ് പിടികൂടി. ഇയാളെ പിടികൂടിയതാണ് ബിജെപി കൗൺസിലർ ഗിരികുമാറിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചത്.