എന്റെ കേരളം: തീം സോംഗ് റിലീസ് ചെയ്തു

Sunday 07 May 2023 12:00 AM IST

തൃശൂർ: സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം മേളയുടെ തീം സോംഗ് റിലീസ് ചെയ്തു. ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് വിനീഷ് മണിയാണ്. കിച്ചൻ ഗുരുവായൂർ, വിനീഷ് മണി, ഡിബ്ലാന്റോ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ജില്ലാ വികസന സമിതി യോഗത്തിൽ ടൈസൺ മാസ്റ്റർ തീം സോംഗിന്റെ പ്രകാശനം നിർവഹിച്ചു.

യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന ആശയത്തെ മുൻനിർത്തി സർക്കാരിന്റെ രണ്ടുവർഷത്തെ വികസന പദ്ധതികളും കോർത്തിണക്കിയാണ് ഗാനം തയ്യാറാക്കിയിട്ടുള്ളത്. 'യുവത തൻ മിടിപ്പോടെ മുന്നോട്ട് കുതികുതിക്കുന്നു കേരളം' എന്നു തുടങ്ങുന്ന വരികളിൽ തൃശൂരിന്റെ കലാസാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്നു. ഇന്ന് മുതൽ തീം സോംഗ് സമൂഹമാദ്ധ്യമങ്ങളിൽ ലഭ്യമാകും.

തീം സോംഗിന്റെ പ്രകാശനച്ചടങ്ങിൽ എം.എൽ.എമാരായ എൻ.കെ. അക്ബർ,മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു.