കോഹിനൂർ എവിടെ ?
ലണ്ടൻ: ഇന്നലെ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ബ്രിട്ടീഷ് രാജ്ഞിയായി ചാൾസ് മൂന്നാമന്റെ പത്നി കാമില്ല കിരീടമണിഞ്ഞപ്പോൾ പലരുടെയും മനസിൽ ഉയർന്ന ചോദ്യമാണ് കോഹിനൂർ. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണ സമയത്ത് പത്നി മേരി അണിഞ്ഞ കിരീടത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് കാമില്ല ധരിച്ചത്. കോഹിനൂറിന് പകരം അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരമായി രാജ്ഞിയുടെ കൈവശമുണ്ടായിരുന്ന കല്ലിനൻ ഡയമണ്ടുകൾ കിരീടത്തിൽ പതിപ്പിച്ചിട്ടുണ്ട്.
കോഹിനൂർ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കുന്നതിനാണ് കാമില്ല മേരി രാജ്ഞിയുടെ കിരീടം തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ കൊളോണിയൽ ഭൂതകാലവുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും രാജകുടുംബം ആഗ്രഹിക്കുന്നു. കോഹിനൂർ ഉപയോഗിച്ചാൽ ഇന്ത്യയുമായി നയതന്ത്ര തർക്കമുണ്ടാകുമോ എന്ന ആശങ്കയും ബ്രിട്ടണുണ്ടെന്നാണ് കേൾക്കുന്നത്.
കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്ത കോഹിനൂറിനെ 1849ൽ വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു. 105 കാരറ്റുള്ള കോഹിനൂർ എലിസബത്ത് രാജ്ഞിയുടെ അമ്മ എലിസബത്ത് ബൗവ്സ് - ലയോണിന്റെ ( ക്വീൻ മദർ ) കിരീടത്തിലാണ് ഇപ്പോഴുള്ളത്.
1937ൽ ജോർജ് ആറാമൻ രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പത്നിയായ എലിസബത്ത് ബൗവ്സ് - ലയോൺ കോഹിനൂർ പതിച്ച കിരീടം ധരിച്ചിരുന്നു. ക്വീൻ മദറിനും മേരി രാജ്ഞിക്കും മുന്നേ 1902ൽ എഡ്വേഡ് ഏഴാമന്റെ കിരീടധാരണ വേളയിൽ അദ്ദേഹത്തിന്റെ പത്നി അലക്സാൻഡ്രയും കോഹിനൂർ പതിപ്പിച്ച കിരീടമാണ് ധരിച്ചത്. പേർഷ്യൻ ഭാഷയിൽ ' പ്രകാശത്തിന്റെ പർവ്വതം ' എന്നാണ് കോഹിനൂറിന്റെ അർത്ഥം.
-----------------------------------------------------------------
ചാൾസിനെ അണിയിച്ചത് രണ്ട് കിരീടങ്ങൾ
ലണ്ടൻ : ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഇന്നലെ അരങ്ങേറിയ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ആകെ മൂന്ന് കിരീടങ്ങളാണ് ഉപയോഗിച്ചത്. മേരി രാജ്ഞിയുടെ കിരീടം കാമില്ല അണിഞ്ഞപ്പോൾ സെന്റ് എഡ്വേഡ്‌സ്, ഇംപീരിയൽ സ്റ്റേറ്റ് എന്നീ കിരീടങ്ങളാണ് ചാൾസിനെ അണിയിച്ചത്.
സെന്റ് എഡ്വേഡ്‌സ് കിരീടം
കിരീടധാരണവേളയിൽ കാന്റർബറി ആർച്ച്ബിഷപ്പ് ചാൾസിന്റെ ശിരസിൽ അണിയിച്ചു
ചാൾസ് രണ്ടാമൻ രാജാവിനായി 1661ൽ നിർമ്മിച്ചത്
അവസാനമായി ഉപയോഗിച്ചത് 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്
ഭാരം 2.2 കിലോഗ്രാം
നീളം ഒരടി
സ്വർണ ചട്ടക്കൂടിൽ മാണിക്യം, അമിതിസ്റ്റ്, ഇന്ദ്രനീലം, പുഷ്യരാഗം, ടൂർമലിൻ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു
ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ
ചടങ്ങിന്റെ അവസാനം സെന്റ് എഡ്വേഡ്‌സ് കിരീടത്തിന് പകരമായി ചാൾസിനെ അണിയിച്ചു
പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതടക്കമുള്ള ഔദ്യോഗിക ചടങ്ങുകളിൽ ധരിക്കും
സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു
ഭാരം 1.06 കിലോഗ്രാം
ഉയരം 31.5 സെന്റീമീറ്റർ
2,868 ഡയമണ്ടുകൾ, 17 ഇന്ദ്രനീലക്കല്ലുകൾ, 11 മരതകങ്ങൾ, 4 മാണിക്യക്കല്ലുകൾ, 269 മുത്തുകൾ എന്നിവയാൽ അലംങ്കൃതം
ലോകത്ത് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡയമണ്ടായ കല്ലിനനിൽ നിന്ന് കട്ട് ചെയ്തെടുത്ത കല്ലിനൻ II ഡയമണ്ട് കിരീടത്തിന്റെ പ്രത്യേകതയാണ്. കല്ലിനനിൽ നിന്ന് മുറിച്ചെടുത്ത ഡയമണ്ടുകളിൽ രണ്ടാം സ്ഥാനമാണ് ഇതിന്
-----------------------------------------------------------------
വിവാദങ്ങൾക്കിടെ ഹാരിയെത്തി
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ ശ്രദ്ധേയമായി ഇളയ മകൻ ഹാരിയുടെ സാന്നിദ്ധ്യം. രാജകുടുംബവുമായി അകന്ന് കഴിയുന്ന ഹാരി തനിച്ചാണ് ചടങ്ങിനെത്തിയത്. ഭാര്യ മേഗൻ മാർക്കിൾ മക്കൾക്കൊപ്പം യു.എസിലെ കാലിഫോർണിയയിലാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അതിഥികളുടെ കൂട്ടത്തിൽ മൂന്നാം നിരയിലായിരുന്നു ഹാരിയുടെ ഇരിപ്പിടം. മൂത്ത സഹോദരൻ വില്യമും കുടുംബവും മുൻ നിരയിലായിരുന്നു. ഇരുവരും പരസ്പരം മിണ്ടിയില്ല.
ഇളയച്ഛൻ ആൻഡ്രൂ രാജകുമാരന്റെ മക്കളായ ബിയാട്രിസും യൂജിനിക്കുമൊപ്പം ഹാരി വിശേഷങ്ങൾ പങ്കുവച്ചു. ജനുവരിയിൽ പുറത്തിറക്കിയ ' സ്പെയർ " എന്ന ആത്മകഥ വിവാദമായ ശേഷം ആദ്യമായാണ് ഹാരി രാജകുടുംബത്തിലെ ചടങ്ങിൽ പങ്കെടുക്കുന്നത്. ചടങ്ങിന് ശേഷം ഹാരി ഒറ്റയ്ക്ക് കാറിൽ മടങ്ങി. മകൻ ആർച്ചിയുടെ നാലാം ജന്മദിനമായതിനാൽ ഹാരി വൈകാതെ യു.എസിലേക്ക് മടങ്ങും.
രാജകുടുംബത്തിലെ ഔദ്യോഗിക പദവികൾ വഹിക്കുന്നില്ല എന്നതിനാൽ കുടുംബാംഗങ്ങൾക്കൊപ്പം ബക്കിംഗ്‌ഹാം പാലസിന്റെ ബാൽക്കണിയിൽ എത്തി ജനങ്ങളെ അഭിവാദ്യം ചെയ്യാൻ ഹാരിക്ക് അനുവാദമില്ല. ഹാരിക്കും ലൈംഗികാപവാദ കേസിനെ തുടർന്ന് പദവി നഷ്ടമായ ചാൾസിന്റെ സഹോദരൻ ആൻഡ്രൂവിനും കിരീടധാരണ ചടങ്ങിൽ ഔപചാരിക പ്രാധാന്യമുണ്ടായിരുന്നില്ല.
ചാൾസ് രാജാവിന്റെയും ആദ്യ ഭാര്യ ഡയാനയുടെയും ഇളയ മകനായ ഹാരി താനും ഭാര്യ മേഗനും രാജകുടുംബത്തിൽ നിന്ന് നേരിട്ട വിവേചനങ്ങൾ, മേഗനെ വിവാഹം കഴിച്ചതിന്റെ പേരിൽ സഹോദരൻ വില്യം രാജകുമാരനുമായുണ്ടായ തർക്കങ്ങൾ, അമ്മ ഡയാനയുടെ മരണം, ചാൾസിന്റെ രണ്ടാം ഭാര്യ കാമില്ലയുടെ വില്ലത്തി പരിവേഷം തുടങ്ങി നിരവധി സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ സ്പെയറിലൂടെ നടത്തിയിരുന്നു.
-----------------------------------------------------------------
ആഘോഷത്തിനിടെ പ്രതിഷേധവും
ലണ്ടൻ : ചാൾസ് രാജാവിന്റെ കിരീടധാരണത്തിനെതിരെ ലണ്ടൻ തെരുവുകളിൽ പ്രതിഷേധം നടത്തിയ ഡസൻകണക്കിന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. രാജവാഴ്ചയ്ക്കെതിരെയുള്ള പ്ലക്കാർഡുകളുമായി നിരവധി പേർ ഇന്നലെ രാവിലെ തന്നെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇവരുടെ പ്രതിഷേധം തടയാൻ ചാൾസ് രാജാവ് കടന്നുപോയ വഴികളിലും സമീപ പ്രദേശങ്ങളിലും 11,000ത്തിലേറെ പൊലീസുകാരെ വിന്യസിച്ചിരുന്നു. ഫേഷ്യൽ റെകഗ്‌നിഷൻ ടെക്നോളജിയും ഉപയോഗിച്ചിരുന്നു. ജീവിതച്ചെലവുകൾ കുതിച്ചുയരുന്നതിനിടെ കിരീടധാരണത്തിനായി സർക്കാർ കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നതിനെതിരെ ഒരു വിഭാഗം ജനങ്ങൾക്കിടെയിൽ അമർഷമുണ്ട്.
ചടങ്ങുകളുടെ ചെലവ് ബ്രിട്ടീഷ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് ഏകദേശം 100 മില്യൺ പൗണ്ടോളം വരുമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ഇന്നത്തെ 46 ദശലക്ഷം പൗണ്ട് ( 4,73 കോടി രൂപ ) ആണ് ചെലവായത്.