ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസിന്റെ മനസറിഞ്ഞ് ബി.ജെ.പി, വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി
തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസിന്റെ താത്പര്യം കൂടി പരിഗണിച്ച് സ്ഥാനാർത്ഥിയെ നിർണയിക്കാൻ ബി.ജെ.പി നീക്കം. സംസ്ഥാനത്ത് ആറ് നിയമസഭ മണ്ഡലങ്ങളിലേയ്ക്കാണ് ഈ വർഷം ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ബി.ജെ.പി ജയപ്രതീക്ഷ പുലർത്തുന്നത്. വട്ടിയൂർക്കാവിലും കോന്നിയിലും എൻ.എസ്.എസ് നിലപാട് തങ്ങൾക്ക് അനുകൂലമായാൽ മാത്രമേ ജയിക്കാനാവു എന്ന തിരിച്ചറിവാണ് പാർട്ടിക്കുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ കെ.സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയതിൽ എൻ.എസ്.എസിന്റെ മനസറിഞ്ഞായിരുന്നില്ല എന്ന് ആരോപണം ഉയർന്നിരുന്നു. ബി.ജെ.പി വിജയപ്രതീക്ഷ വച്ചുപുലർത്തിയ പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് പക്ഷേ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എൻ.എസ്.എസിന്റെ അതൃപ്തിയെ ശബരിമല വിഷയം മറികടക്കുമെന്നും, മികച്ച ഭൂരിപക്ഷത്തിൽ ബി.ജെ.പി വിജയിക്കുമെന്നും പാർട്ടി വിലയിരുത്തിയിരുന്നു. എന്നാൽ എൻഎസ്എസ് ഫാക്ടർ വിചാരിച്ചിരുന്നതിലും ശക്തമാണെന്ന് ഫലം വന്നശേഷമാണ് പാർട്ടി മനസിലാക്കിയത്.
വട്ടിയൂർക്കാവിൽ എം.എൽ.എയായിരുന്ന കെ.മുരളീധരൻ ലോക്സഭാംഗമായ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി തീർന്നത്. ഇവിടെ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാവും എന്നാണ് മുൻപ് അറിഞ്ഞിരുന്നത്. എന്നാൽ കുമ്മനത്തിനെ ബി.ജെ.പി ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയേക്കുമെന്നും, ഉപഅദ്ധ്യക്ഷ പദവി നൽകി തെക്കൻ കേരളത്തിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കുവാനുള്ള സംവിധാനം ഒരുക്കാൻ പാർട്ടി നിയോഗിക്കുമെന്നും സൂചനയുണ്ട്.
വട്ടിയൂർക്കാവിൽ ബി.ജെ.പിയിലെ മുതിർന്ന നേതാവ് രാധാകൃഷ്ണമേനോനെ സ്ഥാനാർഥിയാക്കുമെന്നാണ് ലഭിക്കുന്ന വിവരം. എൻ.എസ്.എസ് നേതൃത്വവുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം നേട്ടമാവുമെന്ന് ബി.ജെ.പി കരുതുന്നു. ശബരിമല ആചാര സംരക്ഷണത്തിനായി കോടതി മുഖാന്തിരം ഏറെ ഇടപെടലുകൾ നടത്തുവാൻ നിരവധി പരാതികൾ രാധാകൃഷ്ണമേനോൻ നൽകിയിട്ടുണ്ട്. സുപ്രീംകോടതിയിൽ വിശ്വാസ സംരക്ഷണത്തിനായി റിവ്യൂഹർജി നൽകിയതിൽ മേനോനും കക്ഷി ചേർന്നിരുന്നു. ഇതെല്ലാം എൻ.എസ്.എസിന്റെ പ്രീതിക്ക് കാരണമാവുമെന്നും പാർട്ടിയിലെ ഒരു വിഭാഗം കണക്ക്കൂട്ടുന്നുണ്ട്. ഇതിനൊപ്പം കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രയാർ ഗോപാലകൃഷ്ണൻ വട്ടിയൂർക്കാവിൽ നിൽക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതും രാധാകൃഷ്ണമേനോന്റെ സ്ഥാനാർത്ഥിത്വത്തിന് അടിത്തറ നൽകുന്നുണ്ട്.