കേരള യൂണിവേഴ്സി‌റ്റി യുവജനോത്സവം കലയുടെ മൈലാഞ്ചിമൊഞ്ച്

Monday 08 May 2023 12:31 AM IST
കലയുടെ മൈലാഞ്ചിമൊഞ്ച്

അമ്പലപ്പുഴ : ശ്രീകൃഷ്ണ കഥാമൃതമായി കുച്ചുപ്പുടി, മാർഗംകളിയുടെയും കോൽക്കളിയുടെയും ദഫ്‌മുട്ടിന്റെയും

ചടുല സൗന്ദര്യം... നൃത്തവും സംഗീതവും അരങ്ങിലെ തീവ്രാനുഭവങ്ങളുമൊക്കെയായി കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ മൂന്നാം നാൾ കൂടുതൽ കമനീയമായി. കുച്ചുപ്പുടി ഒഴികെയുള്ള നൃത്ത ഇനങ്ങളിലെ മത്സരങ്ങൾ ഏറെക്കുറെ പൂർത്തിയായിരിക്കെ,​ കലാകിരീടത്തിനായുള്ള മത്സരം ഫോട്ടോഫിനിഷിലേക്ക് നീങ്ങിയതോടെ മത്സരാർത്ഥികളുടെ നെഞ്ചിടിപ്പേറി. സർവ്വകലാശാല ചാമ്പ്യൻഷിപ്പിനും കലാപ്രതിഭാ, കലാതിലകം, ട്രാൻസ് ജെന്റേഴ്സിനായുള്ള കലാരത്നപ്പട്ടങ്ങൾക്കുമായുള‌ള മത്സരം ഇഞ്ചോടിഞ്ച് മുന്നേറുമ്പോൾ അമ്പലപ്പുഴയിലെ മണ്ണും മനസും നാദ താളലയസാന്ദ്രമായി.

മാപ്പിളകലാരൂപങ്ങളായ വട്ടപ്പാട്ട്, അറബനമുട്ട്, ദഫ് മുട്ട് എന്നിവയോടെ മൂന്നാം നാൾ പ്രധാനവേദി ഉണർന്നപ്പോൾ കലോത്സവത്തിന് മൈലാഞ്ചിയുടെ മൊഞ്ചായി. മലബാറിലെ മുസ്ലീംകല്യാണങ്ങളിൽ വരന്റെ വീട്ടിലാണ് വട്ടപ്പാട്ട് നടന്നിരുന്നത്. പുരുഷൻമാർ പുതിയാപ്ളയ്ക്ക് ചുറ്റുംവട്ടമിരുന്ന് വിവാഹത്തിന്റെ മഹത്വവും മധുവിധുവും സത്കാരവും പാടിപ്പറഞ്ഞപ്പോൾ യുവജനോത്സവവേദി മത്സരം തീരുംവരെ പുതിയാപ്ള വീടായി. ഉത്തരകേരളത്തിൽ മുസ്ളിം മതവിഭാഗത്തിലെ അനുഷ്ഠാനകലയായ അറബനമുട്ടിപ്പാട്ടാണ് പിന്നീട് വേദിക്ക് ചേലേകിയത്. താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും സംഘങ്ങളായി ചുവടുവച്ച ദഫ്‌മുട്ടും കോൽക്കളിയും വേദിയെ മാപ്പിളക്കളികളുടെ ലഹരിയിലാക്കി.

ശ്രീകൃഷ്ണന്റെ അവതാരലീലകളെ അടിസ്ഥാനമാക്കിയുള്ള കുച്ചിപ്പുടിയോടെ ഉണർന്ന രണ്ടാംവേദിയിൽ ഉച്ചകഴിയും വരെ മത്സരം അരങ്ങ് തകർത്തു. മുണ്ടും ചട്ടയും കാൽത്തളയുമണിഞ്ഞ് കത്തിച്ചുവച്ച നിലവിളക്കിന് ചുറ്റും വായ്ത്താരിക്കനുസരിച്ച് കൈകൊട്ടിക്കയറിയ മാർഗംകളിയായിരുന്നു മൂന്നാംദിനം മൂന്നാംവേദിയിലെ ഹൈലൈറ്റ്.
വഞ്ചിപ്പാട്ട്, ഗാനമേള, വൃന്ദവാദ്യം, ഓട്ടൻതുള്ളൽ തുടങ്ങി വേദികൾക്ക് അനുസരിച്ച് മത്സരം മാറിയപ്പോൾ

ആസ്വാദകർ തടിച്ചുകൂടി.

യുവജനോത്സവം പാരമ്യത്തിലെത്തി നിൽക്കെ വേദികളുണർന്നത് മുതൽ ഒഴുകിയെത്തിയ ആസ്വാദക വൃന്ദം,​ കാൽപ്പനിക കാമ്പസുകൾ ഇന്നും കലയുടെ ചിലമ്പൊലിക്ക് കാതോർക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു.

നൃത്ത വിഭാഗത്തിലെ ചുരുക്കം ചില മത്സരങ്ങൾ ഒഴികെ മറ്റിനങ്ങൾ അവസാനിച്ചപ്പോൾ തലസ്ഥാനത്തെ കോളേജുകളാണ് മുന്നിൽ. യുവജനോത്സവത്തിന്റെ ആദ്യദിനം മുതൽ മുന്നേറ്റം തുടർന്ന തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്,​ മത്സരം മുറുകുന്തോറും ചാമ്പ്യൻ ഷിപ്പ് പട്ടത്തിനായുള്ള കുതിപ്പിലാണ്. സ്വാതി തിരുന്നാൾ, യൂണിവേഴ്സിറ്റി കോളേജുകളും തൊട്ടുപിന്നിലുണ്ട്. ഫോക്ക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, മാപ്പിളപ്പാട്ട്, ഭരതനാട്യം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത് തുടങ്ങിയവയുടെ മത്സരഫലങ്ങൾ കൂടി പുറത്തുവരുന്നതോടെ വരും മണിക്കൂറുകളിൽ ചിത്രം കൂടുതൽ വ്യക്തമാകും.

Advertisement
Advertisement