കേരള സ്റ്റോറിയുടെ പ്രദർശനം തമിഴ്‌നാട്ടിൽ നിറുത്തി, കർണാടകയിൽ പ്രത്യേക ഷോ

Monday 08 May 2023 12:10 AM IST

ചെന്നൈ / ബംഗളൂരു: ദ കേരള സ്റ്റോറിയുടെ പ്രദർശനം തമിഴ്‌നാട്ടിലെ മൾട്ടിപ്ലസ്‌കളിൽ നിറുത്തിവച്ചു. അതേസമയം ബംഗളൂരുവിലെ തിയേറ്ററിൽ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ വിദ്യാർത്ഥികളോടൊപ്പം സിനിമ കണ്ടു. ചിത്രത്തിന് ലഭിച്ച മോശം പ്രതികരണവും പ്രദർശനം കാണാനാൻ ആളുകളെത്താതുമാണ് ചെന്നൈയിലെ തിയേറ്ററുകളിൽ പ്രദർശനം നിറുത്തി വയ്ക്കാൻ കാരണം. നാം തമിഴർ എന്ന സംഘടനയുടെപ്രധാന നേതാവും നടനുമായ സീമാന്റെ നേതൃത്വത്തിൽ ചെന്നൈയിലെ സ്കൈവാക്ക് മാളിന് സമീപമായിരുന്നു പ്രതിഷേധം. സീമാന്റെ ആഹ്വാനപ്രകാരം സംഘടനയുടെസിനിമ നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാം തമിഴർ സംഘടനയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ, വെല്ലൂർ, പുതുച്ചേരി തുടങ്ങിയിവിടങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. എസ്.ഡി.പി.ഐ, തമിഴ്‌നാട് മുസ‌്‌ലിം മുന്നേറ്റ കഴകം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും വിവിധ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പ്രതിഷേധം നടന്നു. മായാജാൽമാൾ, ഇ,സി.ആ‌‌ർ മാൾ, ടീനഗ‌ർ തുടങ്ങിയ പ്രദേശങ്ങളിലാണ് സിനിമയ്‌ക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചത്. ഇതിനെ തുടർന്നാണ് തമിഴ്‌നാട് മൾട്ടിപ്ലക്സ് അസോസിയേഷൻ സിനിമയുടെ പ്രദർശനം താൽകാലികമായി നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്.

കർണാടകയിൽ തിരഞ്ഞെടുപ്പ് ആയുധമായാണ് ബി.ജെ.പി കേരള സ്റ്റോറിയെ എടുത്തിരിക്കുന്നത്. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയാണ് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്കൊപ്പം സിനിമ കാണാൻ വിദ്യാർത്ഥിനികള ക്ഷണിച്ചത്. ബംഗളൂരു ഗരുഡ മാളിൽ ഇന്നലെ രാത്രി എട്ടിന് നടന്ന പ്രദർശനത്തിൽ നൂറോളം വിദ്യാർത്ഥിനികൾ എത്തിയിരുന്നു. അതേസമയം കേരളത്തിൽ ചെറിയ ചില പ്രതിഷേധങ്ങൾ ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ പ്രദ‌ർശനം നടക്കുകയാണ്. ഈ മാസം അഞ്ചിനാണ് സിനിമി റിലീസായത്.