'ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയൊന്നും ഇല്ല,​ അമ്മയിലും ഇത് ചർച്ചയായിട്ടില്ല'; ബാബുരാജിന്റെ പ്രസ്‌താവന തള്ളി ഇടവേ‌ള ബാബു

Monday 08 May 2023 8:55 AM IST

കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക 'അമ്മ'യുടെ പക്കലുണ്ടെന്ന അമ്മ ഭരണസമിതിയംഗം നടൻ ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു. 'എന്റെ കൈയിൽ പട്ടികയൊന്നുമില്ല, നി‌ർമ്മാതാക്കൾ രേഖാമൂലം ഇതുവരെ പരാതി നൽകിയിട്ടില്ല, അമ്മയിലും ഇത് ചർച്ചയായിട്ടില്ല.' എന്നാൽ ആരെല്ലാമാണ് സിനിമാ മേഖലയിൽ ലഹരിയുപയോഗിക്കുന്നതെന്ന് പരസ്യമായ രഹസ്യമാണെന്നും ഇടവേള ബാബു പറഞ്ഞു.

ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാനോ പൊതുസ്ഥലത്ത് മോശമായി പെരുമാറാനോ പാടില്ലെന്ന നിബന്ധന സംഘടനയുടെ ബൈലോയിൽ ഉൾപ്പെടുത്തിയതായും പുതിയ അംഗത്വ അപേക്ഷയിൽ കർശനമായി ലഹരിമരുന്ന് ഉപയോഗം പരിശോധിക്കുമെന്നും ഇടവേള ബാബു അറിയിച്ചു.

അതേസമയം സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളിൽ നടപടി ഉണ്ടാവുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണ‌ർ കെ.സേതുരാമൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കും. എക്‌സൈസ് ഇതിൽ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാൽ മൊഴി എടുക്കും. ലഹരി ഉപയോഗം ഉന്മൂലനം ചെയ്യുന്നതിനായി എല്ലാ സിനിമാ സ്‌പോട്ടുകളിലും പൊലീസ് ഉണ്ടാവും. സിനിമാ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ഡേറ്റ കൈവശമുണ്ട്. മുൻപ് കേസിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിവരമുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.