തിഹാർ ജയിലിൽ ഗുണ്ടാത്തലവൻ തില്ലു താജ്പുരിയ കൊല്ലപ്പെട്ട  സംഭവം; ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Monday 08 May 2023 5:40 PM IST

ന്യൂഡൽഹി: രോഹിണി കോടതി വെടിവയ്‌പ് കേസിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസിലെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സംഭവസമയത്ത് പ്രതികരിക്കാതെ ഇരുന്നതിനാണ് സസ്‌പെൻഡ് ചെയ്തത്. ഇവരെ തമിഴ്നാട്ടിലേയ്ക്ക് തിരിച്ചയക്കുമെന്നും ജയിൽ അധികൃതർ ഞായറാഴ്ച അറിയിച്ചിരുന്നു.

ഡൽഹി ജയിൽ ഡയക്ട‌ർ ജനറൽ സഞ്ജയ് ബെനിവാൾ തമിഴ്നാട് പൊലീസിനോട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം. സസ്‌പെൻഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് തമിഴ്നാട് സ്‌പെഷ്യൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയതായി തിഹാർ ജയിൽ അധികൃതർ പറഞ്ഞു. സസ്‌പെൻഡ് ചെയ്ത ഏഴ് പേരും കൊലപാതകം നടന്ന എട്ടാം നമ്പർ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. തിഹാർ ജയിലിന്റെ സുരക്ഷാ ചുമതല തമിഴ്നാട് സ്‌പെഷ്യൽ പൊലീസിന് കൂടിയാണ്.

ഈ സുരക്ഷാ ജീവനക്കാർക്ക് മുൻപിൽ വച്ച് തില്ലു താജ്പുരിയയ്ക്ക് കുത്തേൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുത്തേറ്റ ശേഷം ഇവർ തന്നെയാണ് പ്രതിയെ എടുത്തുകൊണ്ടുപോയതും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുലർച്ചെ ആറുമണിയോടെയാണ് നൂറിലേറെ കുത്തുകളേറ്റ് തില്ലു കൊല്ലപ്പെട്ടത്. കൊലപാതക ദൃശ്യങ്ങൾ പൂർണമായും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു.

ആറുപേർ ചേർന്നാണ് കൃത്യം നടത്തിയത്. തില്ലുവിനെ വളഞ്ഞ സംഘം മുഖത്തും തലയിലും പുറത്തും ആഞ്ഞ് ആഞ്ഞ് കുത്തുന്നുണ്ട്. തില്ലുവിന്റെ മുഖം മറച്ചശേഷമായിരുന്നു ആക്രമണം. തുടർച്ചയായി കുത്തേൽക്കുന്നതിനാൽ പ്രതിരോധിക്കാൻ പോലുമാകാത്ത സാഹചര്യത്തിലാണ് തില്ലുവിനെ കാണാൻ കഴിഞ്ഞത്. കുത്തേറ്റ് നിലത്തുവീണിട്ടും സംഘം വളഞ്ഞുനിന്ന് ആക്രമിച്ചു. ജയിൽ ഉദ്യോഗസ്ഥർ ശരീരം പുതപ്പുകൊണ്ട് മൂടിയിട്ടും അരിശം തീരാത്ത അക്രമികൾ മൃതദേഹത്തിൽ വീണ്ടും കുത്തിയെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു.

Advertisement
Advertisement