വിമാനത്താവളത്തിലെ പക്ഷിയിടി പഠനത്തിന് പ്രത്യേക കൺസൾട്ടൻസിയെന്ന പ്രഖ്യാപനം നടപ്പായില്ല

Tuesday 09 May 2023 12:23 AM IST

ശംഖുംമുഖം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഭീഷണിയാകുന്ന പക്ഷിശല്യത്തെക്കുറിച്ച് പഠിക്കാൻ പ്രത്യേക കൺസൾട്ടൻസിയെ നിയോഗിക്കാനുള്ള എയർപോർട്ട് അതോറിട്ടിയുടെ തീരുമാനം നടപ്പായില്ല. വിമാനത്താവളത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഒരുവർഷം നീളുന്ന പഠനം നടത്തി പക്ഷിയിടിയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളുമടങ്ങുന്ന റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു പ്രത്യേക കൺസൾട്ടൻസി. കൂടാതെ പക്ഷിയിടി ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗവും വിളിച്ചിരുന്നു. യോഗത്തിൽ വിമാനത്താവള പരിസരങ്ങളിലെ മാലിന്യം എല്ലാദിവസവും നീക്കം ചെയ്യാനും വിമാനത്താവള പരിസരത്ത് മാലിന്യമുണ്ടാകാതിരിക്കാനുള്ള പരിഹാര പദ്ധതികൾക്ക് നഗരസഭയും എയർപോർട്ട് അതോറിട്ടിയും സംയുക്തമായി പദ്ധതി തയ്യാറാക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ഭാഗങ്ങളോട് ചേർന്ന് മാലിന്യങ്ങൾ തള്ളുന്നത് തടയാൻ കുട്ടികളുടെ പാർക്ക്,നടപ്പാത,​ എയ്‌റോ ബിന്നുകൾ,​ മേൽക്കൂരയുള്ള മാർക്കറ്റുകൾ എന്നിവ നിർമ്മിച്ചെങ്കിലും പക്ഷിയിടി തടയാനായില്ല.

കഴിഞ്ഞ ദിവസം ഗൾഫ് എയർ വിമാനത്തിൽ പക്ഷി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറോളം യാത്ര വൈകിയിരുന്നു. ഇന്നലെയും പക്ഷിക്കൂട്ടങ്ങൾ ആകാശത്ത് വട്ടമിട്ടതിനാൽ ലയൺ എയർവേസ് വിമാനത്തിന് തിരുവനന്തപുരത്ത് ഇന്ധനം നിറയ്ക്കുന്നതിനായി ഇറങ്ങാനായി എട്ടുതവണ ആകാശത്ത് വട്ടമിടേണ്ടിവന്നു. ഇന്തോനേഷ്യയിൽ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്ക് പോകുന്നതിനിടെ ഇന്ധനം നിറയ്‌ക്കുന്നതിനായി ലയൺ എയർവേസ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങാറുണ്ട്.

കാപ്ഷൻ: ലയൺ എയർവേസ് വിമാനം റൺവേയിലെത്തും മുമ്പ് പക്ഷിക്കൂട്ടത്തെ തുരത്തുന്നു